യുവതിയെ ഇടിച്ച് വീഴ്ത്തി വലിച്ചിഴച്ച സംഭവം: കാർ പലതവണ യു -ടേണെടുത്തുവെന്ന് ദൃക്സാക്ഷി

ന്യൂഡൽഹി: ഡൽഹി സുൽത്താൻപുരിയിൽ 20കാരിയെ കാറിടിച്ച് വീഴ്ത്തിയ ശേഷം റോഡിലൂടെ വലിച്ചിഴച്ച സംഭവം സാധാരണ അപകടമല്ലെന്ന് ദൃക്സാക്ഷി. കാർ പലതവണ യു-ടേണെടുത്ത് ഒന്നര മണിക്കൂറോളം കറങ്ങിയെന്നും ദൃക്സാക്ഷിയായ ദീപക് ദാഹിയ പറഞ്ഞു. കഞ്ചാവാല മേഖലയിലാണ് അപകടം ഉണ്ടായത്. ഇവിടെ ബേക്കറി നടത്തുകയാണ് ദൃക്സാക്ഷിയായ ദീപക്.

ഏകദേശം പുലർച്ചെ 3.20 നാണ് സംഭവമെന്ന് ദീപക് പറഞ്ഞു. ‘ഞാൻ കടയുടെ പുറത്ത് നിൽക്കുകയായിരുന്നു. പെട്ടെന്ന് 100 മീറ്റർ അകലെ നിന്ന് ഒരു വൻ ശബ്ദം കേട്ടു. ആദ്യം കരുതിയത് വാഹനത്തിന്റെ ടയർ പൊട്ടിയതായിരിക്കുമെന്നാണ്. എന്നാൽ കാർ മുന്നോട്ടുപോയപ്പോൾ, അതിന് പിന്നിൽ ഒരു ശരീരം തൂങ്ങിക്കിടക്കുന്നത് കണ്ടു. ഉടനെ പൊലീസിൽ വിവരമറിയിച്ചു. കുറച്ച് കഴിഞ്ഞ് 3.30 ആയപ്പോൾ കാർ തിരിച്ചു വന്നു. അപ്പോഴും ആ സ്ത്രീയുടെ ശരീരം കാറിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പ്രതികൾ തുടർച്ചയായി പലതവണ യു- ടേൺ എടുത്ത് റോഡിലൂടെ 4-5 കിലോമീറ്റർ ഓടി. നിരവധി പ്രാവശ്യം താൻ അവരെ പിടിച്ചു നിർത്താൻ ശ്രമിച്ചു. പക്ഷേ, അവർ നിന്നില്ല. ഏകദേശം ഒന്നര മണിക്കൂർ യുവതിയുടെ മൃതദേഹവുമായി പ്രതികൾ 20 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു.’ - ദീപക് പറഞ്ഞു.

പൊലീസിനെ വിവരമറിയിച്ചുകൊണ്ട് പ്രതികളുടെ കാറിനെ താൻ ബൈക്കിൽ പിന്തുടർന്നുവെന്നും ഒന്നര മണിക്കൂറിനു ശേഷം മൃതദേഹം ​ജ്യോതി ഗ്രാമത്തിനു സമീപം കാറിൽ നിന്ന് താഴെ വീണുവെന്നും ദീപക് പറഞ്ഞു. ശേഷം പ്രതികൾ രക്ഷപ്പെട്ടു. അത് വെറുമൊരു അപകടമല്ലെന്നും ദീപക് വ്യക്തമാക്കി.

അതേസമയം, കാർ വിൻഡോകൾ അടച്ചിട്ട് ഉച്ചത്തിൽ പാട്ടുവെച്ചിരുന്നെന്നും അപകടം നടന്നത് അറിഞ്ഞിരുന്നില്ലെന്നുമാണ് പ്രതികളുടെ മൊഴിയെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ എ.എൻ.ഐയോട് പറഞ്ഞു. അപകടം നടന്നുവെന്ന് തിരിച്ചറിഞ്ഞ സമയം സ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നെന്നാണ് പ്രതികൾ മൊഴി നൽകിയത്.

സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബവും ദുരൂഹതയാരോപിച്ചിട്ടുണ്ട്. പെൺകുട്ടി മരിച്ചത് അപകടത്തിലാണെന്ന കാര്യത്തിൽ സംശയമുണ്ട്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.

രാത്രി 11 മണിയോടെ വീട്ടിൽ മടങ്ങിയെത്തുമെന്ന് പറഞ്ഞാണ് പെൺകുട്ടി പോയത്. പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. യുവതിയുടെ മൃതദേഹവും വാഹനവും കണ്ടെത്തിയത് കിലോമീറ്ററുകളുടെ അകലത്തിൽ രണ്ടിടത്താണ്. ഇതിൽ സംശയമുണ്ടെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അപകടം നടന്ന സുൽത്താൻപുരിയിൽ ഡൽഹി പൊലീസിന്‍റെ ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

നാലേകാലോടെ റോഡിൽ മരിച്ചനിലയിലാണ് അഞ്ജലി സിങ്ങിന്‍റെ മൃതദേഹം കണ്ടെത്തിയത്. നാലു കിലോമീറ്ററോളം യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായാണ് വിവരം. യുവതി വിവസ്ത്രയായി കാലുകൾ ഒടിഞ്ഞ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മംഗൽപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ ഡൽഹി വനിത കമീഷൻ ഡൽഹി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. വളരെ ഭയാനകമായ സംഭവമാണ് നടന്നതെന്ന് കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു. കമീഷന് മുമ്പിൽ ഹാജരായി വിശദീകരണം നൽകാൻ പൊലീസിനോട് നിർദേശിച്ചിട്ടുണ്ട്. പുതുവർഷത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ആരായുമെന്നും അധ്യക്ഷ വ്യക്തമാക്കി.

Tags:    
News Summary - Accused drove repeatedly on the road of about 4-5 kilometres by taking u-turns.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.