തീവണ്ടിയിലെ എ.സി പ്രവർത്തിച്ചില്ല; യാത്രക്കാരന് 50,000 നഷ്ടപരിഹാരം നൽകാൻ വിധി

മുംബൈ: തീവണ്ടിയിലെ എ.സി പ്രവർത്തിക്കാത്തതിനെ തുടർന്ന് പ്രയാസം നേരിട്ട യാത്രക്കാരന് റെയിൽവേ 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ വിധി. മുംബൈ സ്വദേശിയായ മുതിർന്ന പൗരന്‍റെ പരാതിയിലാണ് ജില്ല ഉപഭോക്തൃ കമീഷൻ നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. യാത്രയിൽ നേരിട്ട മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി 35,000 രൂപയും കോടതി ചെലവിനായി 15,000 രൂപയും നൽകാനാണ് വിധിച്ചത്.

2017 ജൂണിലായിരുന്നു പരാതിക്കാസ്പദമായ സംഭവം. ശിവശങ്കർ രാമശ്രിംഗർ ശുക്ല അലഹബാദിൽ നിന്ന് മുംബൈയിലേക്ക് വരാനായി തുരന്തോ എക്സ്പ്രസിൽ ഫസ്റ്റ് ക്ലാസ് എ.സി കമ്പാർട്മെന്‍റ് ബുക്ക് ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്‍റെ കമ്പാർട്മെന്‍റിൽ എ.സി പ്രവർത്തിച്ചില്ല. ആ സമയത്ത് 40 ഡിഗ്രീ സെൽഷ്യസ് ആയിരുന്നത്രെ ചൂട്.

ശുക്ലയും മറ്റ് യാത്രക്കാരും പരാതിപ്പെട്ടെങ്കിലും എ.സി പ്രവർത്തനക്ഷമമാക്കാൻ റെയിൽവേക്ക് സാധിച്ചില്ല. 20 മണിക്കൂറോളം ചൂട് സഹിച്ച് യാത്ര ചെയ്യേണ്ടിവന്നു. എ.സി കമ്പാർട്മെന്‍റായതിനാൽ എയർ വെന്‍റിലേഷൻ പോലും ഉണ്ടായിരുന്നില്ല.

തുടർന്നാണ് ശുക്ല റെയിൽവേക്കെതിരെ ഉപഭോക്തൃ ഫോറത്തിൽ പരാതി നൽകിയത്. എന്നാൽ, ഇതിൽ ഇടപെടാൻ ഉപഭോക്തൃ കമീഷന് അധികാരമില്ലെന്നും റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനാണ് അധികാരമെന്നുമായിരുന്നു റെയിൽവേയുടെ വാദം. ഇത് തള്ളിയ കമീഷൻ, യാത്രക്കാർക്ക് എല്ലാ സൗകര്യവും ഉറപ്പുവരുത്തുക റെയിൽവേയുടെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കി. യാത്രയിലുടനീളം ശാരീരികവും മാനസികവുമായ പ്രയാസം നേരിട്ടെന്ന യാത്രക്കാരന്‍റെ വാദം കമീഷൻ അംഗീകരിക്കുകയും ചെയ്തു. 

Tags:    
News Summary - AC in the train did not work; 50,000 compensation to the passenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.