സംസ്കൃതം മൃത ഭാഷ; ഉദയനിധിയുടെ പരാമർശത്തിൽ പ്രതിഷേധവുമായി ബി.ജെ.പി, പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുന്നത്

ചെന്നൈ: സംസ്കൃതം മൃത ഭാഷയാണെന്ന തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ഹിന്ദുക്കൾക്ക് നേരെയുള്ള അവഹേളനമെന്ന് ബി.ജെ.പി. തുടർച്ചയായ ഹിന്ദുവിരുദ്ധ നിലപാടുകളിലുടെ ഉദയനിധി അരാജത്വത്തിന്റെയും വിഭജനത്തിന്റെയും അടയാളമായി മാറിയെന്നും പാർട്ടി കുറ്റപ്പെടുത്തി.

വെള്ളിയാഴ്ച ചെന്നൈയിൽ പുസ്തക പ്രകാശന ചടങ്ങി​നിടെയായിരുന്നു ഉദയനിധിയുടെ പരാമർശം. തമിഴ് ഭാഷക്കായി 150 കോടി മാ​ത്രം അനുവദിച്ചപ്പോൾ കേന്ദ്രസർക്കാർ മൃത ഭാഷയായ സംസ്കൃതത്തിനായി 2,400 കോടിയാണ് നീക്കിവെച്ചതെന്ന് ഉദയനിധി പറഞ്ഞു.

ഭാഷാപോഷണത്തിനായി അനുവദിക്കുന്ന ഫണ്ടിൽ കേന്ദ്രം പുലർത്തുന്ന വിവേചനത്തിനെതിരെ നേരത്തെ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ധനമന്ത്രി തങ്കം തെന്നരസുവുമടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാറിന്റെ ഭാഷ നയവും ബജറ്റ് തീരുമാനങ്ങളും വിവേചനപരവും അസമത്വം വെളിവാക്കുന്നതുമാണെന്നാണ് തമിഴ്നാടിന്റെ ആരോപണം. സംസ്‌കൃതത്തിന് ധനസഹായം ലഭിക്കുന്നു എന്നതല്ല, മറിച്ച് മറ്റ് പുരാതന ഭാഷകൾക്ക് ദേശീയ തലത്തിൽ നാമമാത്രമായ തുക നീക്കിവെക്കുന്നു എന്നതിലാണ് തങ്ങളുടെ ആശങ്ക എന്ന് നേരത്തെ സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു.

അതേസമയം, ധനസഹായവുമായി ബന്ധപ്പെട്ട ആരോപണത്തെ സാസ്കാരികമായുളള അവഹേളനമെന്ന രീതിയിലാണ് ബി.ജെ.പി പ്രതിരോധിക്കുന്നത്. രാജ്യത്തുടനീളം ആചാരങ്ങളിലും പ്രാർഥനകളിലും ഉപയോഗിക്കപ്പെടുന്ന ഭാഷയെ മരിച്ചതെന്ന് പറയാൻ ആർക്കും അവകാശമില്ലെന്ന് മുൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. തമിഴ് ഭാഷയെ പോഷിപ്പിക്കുന്നതിൽ ഡി.എം.കെ നേതൃത്വം പരാജയപ്പെട്ടുവെന്നും തമിഴിന് കൂടുതൽ സഹായമാവശ്യമാണെങ്കിൽ കേന്ദ്രസർക്കാരല്ല, സംസ്ഥാന സർക്കാരാണ് ഉത്തരവാദികളെന്നുമായിരുന്നു കെ. അണ്ണാമലൈയുടെ മറുപടി.

ഇതാദ്യമായല്ല, ഉദയനിധിയുടെ പ്രസ്താവനകൾ ബി.ജെ.പിയെയും സംഘപരിവാറിനെയും ചൊടിപ്പിക്കുന്നത്. 2023ൽ സനാതന ധര്‍മം കേവലം എതിര്‍ക്കെപ്പെടേണ്ടതല്ല, പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെടേണ്ടതാണെന്ന് ഉദയനിധി പറഞ്ഞിരുന്നു. സനാതന ധര്‍മത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകര്‍ച്ചവ്യാധികളോട്‌ താരതമ്യപ്പെടുത്തിയായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശം. സനാതന ധര്‍മം സാമൂഹികനീതിക്ക് എതിരാണെന്നും ഉദയനിധി പറഞ്ഞിരുന്നു.

2022 ഡിസംബർ 19ന് ലോക്‌സഭയിൽ നൽകിയ മറുപടി പ്രകാരം, ന്യൂഡൽഹിയിലെ കേന്ദ്ര സംസ്‌കൃത സർവകലാശാലയ്ക്ക് (സി.എസ്.യു) 2014-15 നും 2021-22 നും ഇടയിൽ പാലി, പ്രാകൃത് ഭാഷകൾക്കൊപ്പം സംസ്‌കൃതത്തിന്റെ പ്രോത്സാഹനത്തിനായി ഏകദേശം 1,487.84 കോടി രൂപ ഗ്രാന്റായി ലഭിച്ചു. ഇതിനു വിപരീതമായി, ചെന്നൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന് ​​(സി.ഐ.സി.ടി) 74.1 കോടി രൂപ മാത്രമാണ് അനുവദിച്ചത്. 

Tags:    
News Summary - Abusing Hindus again: BJP hits out at Udhayanidhi Stalin for calling Sanskrit dead language

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.