ബംഗളൂരു: ഡോക്ടർമാരുടെ നിർദേശമില്ലാതെ ഗർഭഛിദ്ര ഗുളികകൾ കഴിച്ച വിവാഹിതയായ 33കാരി മരിച്ചു. ബന്ധുക്കൾ ഏതെങ്കിലും തരത്തിലുള്ള സംശയം ഉന്നയിച്ചില്ലെങ്കിലും ബേഗൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ന്യൂ മൈകോ ലേഔട്ടിലെ താമസക്കാരിയും ഇ-കോമേഴ്സ് സ്ഥാപനത്തിലെ സെയിൽസ് മാനേജരുമായ പ്രീതി കുശ്വാഹയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഇവർ ഗർഭമുണ്ടോ എന്ന പരിശോധന വീട്ടിൽവെച്ച് നടത്തിയപ്പോൾ പോസിറ്റിവ് ആയിരുന്നു.
ഇവരുടെ മകന് 11 മാസമാണ് പ്രായം. ഉടൻ മറ്റൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചു. സോഫ്റ്റ്വെയർ എൻജിനീയറായ ദേവബ്രാത് ആണ് ഭർത്താവ്. ഗർഭഛിദ്ര ഗുളിക വേണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും ഡോക്ടറെ കണ്ട് തീരുമാനമെടുക്കാമെന്ന് ഭർത്താവ് പറഞ്ഞു. എന്നാൽ പ്രീതി ഇതിന് തയാറായില്ല. തുടർന്ന് ഇരുവരും വഴക്കിട്ടു. തിങ്കളാഴ്ച രാത്രി 8.30 ഓടെ പ്രീതി ഭർത്താവിനെ വിളിച്ച് താൻ ഗുളിക കഴിച്ചുവെന്നും രക്തസ്രാവം ഉണ്ടെന്നും അറിയിച്ചു. ഈ സമയം ദേവബ്രാത് പുറത്തുപോയതായിരുന്നു. ഡോക്ടറെ കാണാമെന്ന് ഭർത്താവ് വീണ്ടും ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഉടൻ പ്രീതിയുടെ സഹോദരനെ ഭർത്താവ് വിളിച്ചുവരുത്തി നടന്ന കാര്യം അറിയിച്ചു. സഹോദരനും ആശുപത്രിയിൽ പോകാൻ നിർബന്ധിച്ചെങ്കിലും പ്രീതി വഴങ്ങിയില്ല. ഇതോടെ സഹോദരൻ തിരിച്ചുപോയി. ചൊവ്വാഴ്ച പുലർച്ചെ 4.45ഓടെ പ്രീതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലെത്തിച്ചു. എന്നാൽ വഴിമധ്യേ മരിച്ചുവെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.