ഡോക്ടറുടെ ആത്മഹത്യ; ഗുജറാത്തിൽ ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണാക്കുറ്റം

അഹ്മദാബാദ്: ഡോക്ടറുടെ ആത്മഹത്യയിൽ ബി.ജെ.പി എം.പിക്കും പിതാവിനുമെതിരെ പ്രേരണക്കുറ്റം ചുമത്തി. ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ വെരാവൽ ടൗണിൽ മൂന്നു മാസം മുമ്പ് അതുൽ ചാഗ് എന്ന ഡോക്ടർ ആത്മഹത്യ ചെയ്ത കേസിലാണ് പൊലീസ് നടപടി. ബി.ജെ.പിയുടെ ജുനാഗഡ് എം.പി രാജേഷ് ചുദാസമക്കെതിരെയും അദ്ദേഹത്തിന്‍റെ പിതാവ് നരൻഭായിക്കെതിരെയുമാണ് വെരാവൽ സിറ്റി പൊലീസ് കേസെടുത്തത്.

ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ എസ്.എം. ഇസ്രാനി പറഞ്ഞു. ഫെബ്രുവരി 12ന് വെരാവൽ ടൗണിലെ വീട്ടിലെ സീലിങ് ഫാനിൽ ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോക്ടറുടെ മകൻ ഹിതർത്തിന്‍റെ പരാതിയിലാണ് പൊലീസ് നടപടി. വെരാവൽ മേഖലയിലെ അറിയപ്പെടുന്ന ഡോക്ടറായിരുന്നു അതുൽ. എം.പിയെയും പിതാവിനെയും കുറ്റപ്പെടുത്തുന്ന ആത്മഹത്യ കുറിപ്പ് വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ആത്മഹത്യ കുറിപ്പുണ്ടായിട്ടും കേസെടുക്കാൻ പൊലീസ് വിസ്സമതിച്ചതിനെ തുടർന്ന്, മകൻ ഗുജറാത്ത് ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

എം.പിക്കും പിതാവിനും 20 വർഷമായി ഡോക്ടറുമായി അടുത്ത ബന്ധമാണ്. ഈ വിശ്വാസത്തിന്‍റെ പേരിൽ 2008 മുതൽ പലതവണകളായി 1.75 കോടിയോളം രൂപ വായ്പയായി ഇരുവരും ഡോക്ടറുടെ കൈയിൽനിന്ന് വാങ്ങിയിരുന്നു. എന്നാൽ, നൽകിയ ചെക്കുകളെല്ലാം മടങ്ങിയതോടെ പണം തിരികെ ആവശ്യപ്പെട്ട് പലതവണ അതുൽ ഇരുവരെയും കണ്ടിരുന്നു. പിന്നാലെ എം.പിയും പിതാവും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താൻ തുടങ്ങി. ഇതിൽ മനംനൊന്താണ് ഡോക്ടർ അത്മഹത്യ ചെയ്തതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

Tags:    
News Summary - Abetment to suicide case against Gujarat BJP MP and his father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.