മുൻകൂട്ടി അനുമതി വാങ്ങാതെ ചന്ദ്രശേഖർ ആസാദിനെ കാണരുതെന്ന് പാർട്ടി പ്രവർത്തകർക്ക് കർശനം നിർദേശം; സർക്കുലർ പുറത്ത്

ലഖ്നോ: മുൻകൂട്ടി അനുമതി വാങ്ങാതെ പുതുതായി എം.പിയായി തെരഞ്ഞെടുക്കപ്പെട്ട ചന്ദ്രശേഖർ ആസാന് രാവണനെ കാണാൻ പാടില്ലെന്ന് ആസാദ് സമാജ് പാർട്ടി(കാൻഷി റാം) പ്രവർത്തകർക്ക് നി​ർദേശം. മുൻകൂട്ടി അനുവാദം വാങ്ങാതെ ആസാദിനെ കാണാൻ ശ്രമിച്ചാൽ അച്ചടക്ക നടപടിയായി കണക്കാക്കുമെന്നും അതിനെതിരെ നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സർക്കുലറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിൽ വിമർശനവുമുയർന്നിട്ടുണ്ട്. ഇതിന്റെ പകർപ്പ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ നാഗിന മണ്ഡലത്തിൽ ബി.ജെ.പിയുടെ ഓം കുമാറിനെ ഒന്നരലക്ഷത്തിലേറെ വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ചന്ദ്രശേഖർ ആസാദ് വിജയിച്ചത്. എം.പിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടി പ്രവർത്തകരോടുള്ള ചന്ദ്രശേഖറിന്റെ മനോഭാവത്തിൽ മാറ്റം വന്നുവെന്നാണ് പ്രധാന വിമർശനം. അദ്ദേഹത്തെ എം.പിയാക്കിയത് പാർട്ടി അനുയായികളും ജനങ്ങളുമാണെന്ന് ഓർമ വേണമെന്നും മുന്നറിയിപ്പുമുണ്ട്.

ജൂൺ 19 ആണ് സർക്കുലറിലെ തീയതി. സർക്കുലറിൽ വിജയത്തിന് കാരണക്കാരായ പാർട്ടിപ്രവർത്തകർക്ക് നന്ദിയും അറിയിക്കുന്നുണ്ട്. വിജയത്തിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി പേർ ചന്ദ്രശേഖറിനെ കാണാനെത്തിയിരുന്നു. അതിനിടയിലാണ് പാർട്ടി പ്രവർത്തകർക്ക് അദ്ദേഹത്തെ കാണാൻ മുൻകൂട്ടി അനുവാദം വാങ്ങണമെന്ന സർക്കുലർ പ്രചരിക്കുന്നത്.

കഴിഞ്ഞ ദിവസം ലോക്സഭ സ്പീക്കർ ഓം ബിർലയുമായി ചന്ദ്രശേഖർ ആസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തു.


Tags:    
News Summary - Aazad Samaj Party directs workers not to meet Chandra Sekhar Ravan without prior appointment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.