ന്യൂഡൽഹി: എ.എ.പി സർക്കാറിന്റെ മദ്യനയം മൂലം ഡൽഹിക്ക് 2002 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് കംട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട്. മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് മുഖ്യമന്ത്രി രേഖ ഗുപ്ത ഇന്നാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്.
മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രമുഖ എ.എ.പി നേതാക്കൾ ജയിലിലായിരുന്നു. പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്രിവാൾ, മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യസഭ എം.പി സഞ്ജയ് സിങ്, മുൻ ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ എന്നിവരും അഴിമതി കേസിൽ അറസ്റ്റിലായിരുന്നു.
ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്തിയതിന് പിന്നാലെ 14 സി.എ.ജി റിപ്പോർട്ടുകൾ പുറത്തുവിടുമെന്ന് അറിയിച്ചിരുന്നു. 2017-18 മുതൽ 2020-2021 വരെയുള്ള നാല് വർഷത്തെ മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ടാണ് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ സമർപ്പിച്ചത്. മദ്യശാലകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഡൽഹി എക്സൈസ് നിയമത്തിലെ 35ാം വകുപ്പ് പാലിച്ചില്ലെന്നാണ് സി.എ.ജി കണ്ടെത്തൽ.
അതേസമയം, 12 എ.എ.പി എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സ്പീക്കർ വിജേന്ദർ ഗുപ്ത ഇന്ന് സസ്പെൻഡ് ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് അതിഷിയും ഗോപാൽ റായ് ഉൾപ്പടെയുള്ളവർ സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു. ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ പ്രസംഗത്തിനിടെയാണ് പ്രതിപക്ഷ എം.എൽ.എമാർ ബഹളംവെച്ചത്.
വീർ സിങ് ധിംഗൻ, മുകേഷ് അഹ്ലാവാത്, ചൗധരി സുബൈർ അഹമ്മദ്, അനിൽ ഝാ, വിശേഷ് രവി, ജാർനെൽ സിങ് തുടങ്ങിയ എം.എൽ.എമാരെയാണ് നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.