ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ആം ആദ്മി പാർട്ടി. രാജ്യതലസ്ഥാനത്ത് പലയിടത്തും പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്ന് എ.എ.പി ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പതക് പറഞ്ഞു. പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ സിസോദിയയെ പാർപ്പിച്ചിരിക്കുന്ന സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് നിരവധി എ.എ.പി അനുഭാവികൾ ഒത്തുകൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുടർന്ന് സി.ബി.ഐ ആസ്ഥാനത്തുൾപ്പടെ തലസ്ഥാന നഗരിയുടെ പല ഭാഗങ്ങളിലും ഡൽഹി പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് ഡൽഹിയിലെ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്താനും പാർട്ടി പദ്ധതിയിടുന്നുണ്ട്.
ഡൽഹി മദ്യനയ കേസിൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഞായറാഴ്ച സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ സിസോദിയയുടെ മറുപടികൾ തൃപ്തികരമായിരുന്നില്ലെന്നും അദ്ദേഹം അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സി.ബി.ഐ പിന്നീട് വിശദീകരിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.