ബംഗളൂരു: കർണാടക സർക്കാറിന് കീഴിലെ പദ്ധതിക്കെതിരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത പ്രചരിപ്പിച്ചതിന് ആജ് തക് ചാനൽ വാർത്താ അവതാരകൻ സുധീർ ചൗധരിക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 505 (ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തൽ), 153 എ (ഇരു മത വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തൽ) എന്നീ വകുപ്പുകൾ ചേർത്ത് ബംഗളൂരു ശേഷാദ്രിപുരംപൊലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ചൗധരിയാണ് ഒന്നാം പ്രതി. ആജ് തക് ചീഫ് എഡിറ്റർ രണ്ടും ചാനൽ ഓർഗനൈസർ മൂന്നും പ്രതികളാണ്. വെറുമൊരു ചോദ്യം ചോദിച്ചതിനാണ് തനിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് സുധീർ ചൗധരി പ്രതികരിച്ചു.
ന്യൂനപക്ഷ, പട്ടിക ജാതി-പട്ടിക വർഗ, പിന്നാക്ക വിഭാഗക്കാരായ തൊഴിൽ രഹിതർക്ക് കൊമേഴ്സ്യൽ വാഹനങ്ങൾ വാങ്ങാൻ മൂന്നു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്ന പദ്ധതിയിൽ ഹിന്ദുക്കളെ ഉൾപ്പെടുത്തിയില്ലെന്നാണ് ആജ്തക് വാർത്ത നൽകിയത്. പദ്ധതി സംബന്ധിച്ച് ന്യൂനപക്ഷ വികസന കോർപറേഷൻ നൽകിയ പത്ര പരസ്യം പ്രദർശിപ്പിച്ചായിരുന്നു സുധീർ ചൗധരി ഇത്തരമൊരു ആരോപണമുന്നയിച്ചത്. ‘നിങ്ങൾ പാവങ്ങളാണെങ്കിലും ഹിന്ദുക്കളല്ലെങ്കിൽ സബ്സിഡി കിട്ടില്ല. മുസ്‍ലിം, സിക്ക്, ബുദ്ധ മതക്കാർക്ക് വാഹനം വാഹങ്ങാൻ സബ്സിഡി ലഭിക്കും’ എന്നായിരുന്നു സുധീർ ചൗധരി വാർത്താവതരണത്തിൽ വാദിച്ചത്.
കർണാടകയിൽ മതന്യൂനപക്ഷങ്ങളഇപെടുന്ന മുസ്‍ലിം, ക്രിസ്ത്യൻ, ബുദ്ധർ, ജൈനർ, സിക്കുകാർ, പാഴ്സികൾ തുടങ്ങിയവർക്ക് കൊമേഴ്സ്യൽ വാഹനങ്ങൾ വാങ്ങാൻ 50 ശതമാനം സബ്സിഡി (പരമാവധി മൂന്നു ലക്ഷം വരെ) അനുവദിക്കുന്ന പദ്ധതി കർണാടക ന്യൂനപക്ഷ വികസന കോർപറേഷന് കീഴിലുണ്ടെന്ന് എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നു. ഇതേ പദ്ധതി തന്നെ ‘ഐരാവത’ എന്ന പേരിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കുമായുള്ള അംബേദ്കർ വികസന കോർപറേഷന് കീഴിലും നടപ്പാക്കിയിട്ടുണ്ട്.
എന്നാൽ, സെപ്തംബർ 11ന് രാത്രി 9.55ന് ആജ്തക് ചാനലിൽ സുധീർ ചൗധരി ഇതു സംബന്ധിച്ച് തെറ്റായ വിവരം നൽകി. പദ്ധതി ന്യൂനപക്ഷങ്ങൾക്ക് മാത്രമാണെന്നും ഇത് പ്രീണന രാഷ്ട്രീയമാണെന്നും കർണാടകയിലെ ഹിന്ദുക്കളോടുള്ള അനീതിയാണെന്നും വാർത്തയിൽ പറഞ്ഞു. ചാനലിലൂടെ ഇതു പ്രചരിപ്പിക്കുക വഴി ഹിന്ദുക്കൾക്കും ഇതര മതസ്ഥർക്കുമിടയിൽ വിദ്വേഷം വളർത്തുന്നതിനും വർഗീയ പ്രകോപനം സൃഷ്ടിക്കുന്നതിനും വർഗീയ കലാപത്തിന് സാഹചര്യമൊരുക്കുകയായിരുന്നെന്ന് എഫ്ഐ.ആറിൽ പറയുന്നു.
സിദ്ധരാമയ്യയുടെ മുൻ സർക്കാറിലും ബി.ജെ.പി ഭരണകാലത്തും പ്രസ്തുത പദ്ധതി നിലവിലുണ്ടായിരുന്നു. 2021- 22 ൽ ബി.ജെ.പിയുടെ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രസ്തുത പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചിരുന്നു. ഈ കാലയളവിൽ 5.4 കോടിയും 2022-23ൽ 7.1 കോടി രൂപയും സർക്കാർ ചെലവഴിച്ചു. പദ്ധതി ന്യൂനപക്ഷ പ്രീണനമാണെന്ന് വാദിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബി.ജെ.പി എം.പി തേജസ്വി സൂര്യ തുടങ്ങിയവരും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.