ന്യൂഡൽഹി: ട്രെയിൻ യാത്രക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലൈ ഒന്ന് മുതൽ ആധാർ നിർബന്ധമാക്കി റെയിൽവേ മന്ത്രാലയം. മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി നൽകി മാത്രമേ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷന്റെ (ഐ.ആർ.സി.ടി.സി) വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ.
തത്കാൽ പദ്ധതി ആനുകൂല്യങ്ങൾ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലൂടെ എല്ലാ റെയിൽവേ സോണുകളെയും അറിയിച്ചത്. ബുക്കിങ് ഏജന്റുമാരുടെ തട്ടിപ്പ് തടയുകയാണ് ലക്ഷ്യം. ടിക്കറ്റ് തട്ടിപ്പ് തടയാനും റിസർവേഷൻ പ്രക്രിയ സുതാര്യമാക്കാനുമാണ് നടപടി.
ബുക്കിങ് സമയത്ത് ഉപയോക്താക്കൾ നൽകുന്ന മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി വരുക. കൗണ്ടറുകൾ വഴിയോ അംഗീകൃത ഏജന്റുമാർ വഴിയോ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോഴും ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കാണ് ഒ.ടി.പി വരുക. ജൂലൈ 15 മുതൽ ഇത് സമ്പൂർണമായി നടപ്പാക്കും -സർക്കുലറിൽ പറയുന്നു.
അംഗീകൃത ടിക്കറ്റിങ് ഏജന്റുമാർക്ക് ആദ്യ അര മണിക്കൂറിൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവാദമില്ലെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. തത്കാൽ വിൻഡോ വഴി രാവിലെ പത്ത് മുതൽ 10.30വരെ എ.സി ടിക്കറ്റും രാവിലെ 11 മുതൽ 11.30 വരെ നോൺ എ.സി ടിക്കറ്റും ഏജന്റുമാർക്ക് ബുക്ക് ചെയ്യാനാവില്ല. ടിക്കറ്റ് ബുക്കിങ്ങിന് വൈകാതെ ഇ -ആധാർ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.