ക്യൂ.ആർ കോഡും ഫോ​ട്ടോയും മാത്രം; മുഖം മിനുക്കാൻ തീരുമാനിച്ച് ആധാർ കാർഡ്

ന്യൂഡൽഹി: ആധാർ കാർഡിന്റെ മുഖം മിനുക്കാൻ തീരുമാനിച്ച് യുണീക്ക് ഐഡന്റി​ഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഉടമയുടെ ഫോട്ടോയും ക്യൂ.ആർ കോഡും ഉള്ള പുതിയ ആധാർ കാർഡ് നൽകുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. വ്യക്തികളുടെ ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാനും നിലവിലെ നിയമത്തിന് വിരുദ്ധമായ ഓഫ്​ലൈൻ വെരി​ഫിക്കേഷൻ രീതികൾ നിരുൽസാഹപ്പെടുത്തുന്നതിനുമാണിത്.

ആധാറിനായുള്ള പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് ഇക്കാര്യം ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. ഹോട്ടലുകൾ, ഇവന്റ് സംഘാടകർ തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫ്‌ലൈൻ വെരിഫിക്കേഷൻ നിരുത്സാഹപ്പെടുത്തുന്നതിനും ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനുമായി ഡിസംബറിൽ ഒരു പുതിയ നിയമം അവതരിപ്പിക്കുന്നത് അതോറിറ്റി പരിഗണിക്കുന്നുണ്ടെന്ന് യു.ഐ.ഡി.എ.ഐ സി.ഇ.ഒ ഭുവനേഷ് കുമാർ പറഞ്ഞു. വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ട് ആധാർ ഉപയോഗിച്ചുള്ള പ്രായ പരിശോധനാ പ്രക്രിയ മെച്ചപ്പെടുത്തുന്നതിനാണ് ഇത്.

കാർഡിൽ ഒരുപാട് വിശദാംശങ്ങൾ ആവശ്യമുണ്ടോ എന്നാണ് ആലോചിക്കുന്നത്. കാർഡിൽ ഒരു ഫോട്ടോയും ക്യൂ.ആർ കോഡും മാത്രമേ ആവശ്യമുള്ളൂ. അല്ലാത്തപക്ഷം നിലവിലുള്ള കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തുടരും.

ഓഫ്‌ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ ഏതെങ്കിലും ആവശ്യത്തിനായി ഏതെങ്കിലും വ്യക്തിയുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും ആധാർ നിയമം നിരോധിച്ചിരിക്കുന്നു. ഇപ്പോൾ നിരവധി സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്നുണ്ട്. ഇത് തടയാനായി നിയമം കൊണ്ടുവരാനാണ് ആലോചിക്കുന്നത്. ഡിസംബർ ഒന്നിന് ആധാർ അതോറിറ്റിയുടെ പരിഗണനക്കായി ഇത് സമർപ്പിക്കും. ആധാർ ഒരിക്കലും ഒരു രേഖയായി ഉപയോഗിക്കരുത്. ആധാർ നമ്പർ ഉപയോഗിച്ച് മാത്രമേ അത് ആധികാരികമാക്കാവൂ. അല്ലെങ്കിൽ ക്യൂ.ആർ കോഡ് ഉപയോഗിച്ച് ഉറപ്പാക്കണം. അല്ലെങ്കിൽ വ്യാജ രേഖയാകാമെന്നും ഭുവനേഷ് കുമാർ ചൂണ്ടിക്കാട്ടി.

പുതിയ ആപ്പിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിനായി ബാങ്കുകൾ, ഹോട്ടലുകൾ, ഫിൻടെക് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ സ്ഥാപനങ്ങളിലെ ആളുകളുമായി യു.ഐ.ഡി.എ.ഐ ചർച്ച നടത്തി.

പുതിയ ആപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ വിലാസവും മറ്റും അപ്ഡേറ്റ് ചെയ്യാനും മൊബൈൽ ഫോൺ ഇല്ലാത്ത മറ്റ് കുടുംബാംഗങ്ങളെ അതേ ആപ്പിൽ ചേർക്കാനും കഴിയും. ഡിജിയാത്ര ആപ്പ് നടത്തുന്ന ആധാർ പരിശോധന പോലെയായിരിക്കും പുതിയ ആപ്പും പ്രവർത്തിക്കുക.

Tags:    
News Summary - Aadhaar card to get makeover with QR code, photo only

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.