ഗുരുഗ്രാം: പശുക്കടത്ത് ആരോപിച്ച് ഹരിയാനയിലെ പശുസംരക്ഷണ ഗുണ്ടകൾ യുവാവിനെ തല്ലിക്കൊന്നതായി ബന്ധുക്കളുടെ പരാതി. മേവാത്തി ജില്ലയിലെ ഹുസൈൻപൂർ സ്വദേശിയായ വാരിസ് (22) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. എന്നാൽ, യുവാവ് റോഡപകടത്തിൽ മരിച്ചതാണെന്നാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ അവകാശവാദം തള്ളിയ കുടുംബം, പശുസംരക്ഷണ ഗുണ്ടയും ബജ്രംഗ്ദൾ നേതാവുമായ മോനുമനേസർ എന്നയാളുടെ നേതൃത്വത്തിൽ വാരിസിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ചു. ഇത് സംബന്ധിച്ച് ബജ്രംഗ് ദൾ പ്രചരിപ്പിക്കുന്ന വിഡിയോ ദൃശ്യങ്ങളും കുടുംബം തെളിവായി പുറത്തുവിട്ടു. കരളിനേറ്റ മൂർച്ചയേറിയ ക്ഷതവും ആന്തരിക രക്‍തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഖോരി കലൻ ഗ്രാമത്തിന് സമീപം ടൗരു ഭിവാദി റോഡിലാണ് സംഭവം. വാരിസും സുഹൃത്തുക്കളായ നഫീസ്, ഷൗകീൻ എന്നിവരും സഞ്ചരിച്ച സാൻട്രോ കാർ ടെമ്പോയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഗോസംരക്ഷണ ഗുണ്ടകൾ ഇവരെ പിന്തുടർന്ന് അപകടശേഷം മൂവരെയും മർദിക്കുകയും ഇതിന്റെ വിഡിയോ പകർത്തുകയും ചെയ്തതായി ബന്ധുക്കൾ അറിയിച്ചു. വാരിസ് അടക്കമുള്ളവരെ നിലത്തിരുത്തി ചുറ്റിലും തോക്കും ആയുധങ്ങളുമായി ബജ്രംഗ്ദളുകാർ നിൽക്കുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്.
മോനുമനേസർ എന്നയാൾ മുമ്പും നിരവധി പേരെ പശുവിന്റെ പേരിൽ ആക്രമിച്ചതായി പരാതിയുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇയാൾ ഇത്തരം ആക്രമണങ്ങളുടെ വിഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കാറുമുണ്ട്.
വാരിസ് കാർ മെക്കാനിക്കാണെന്നും പശുക്കടത്തുമായി അവന് പങ്കില്ലെന്നും മൂത്ത സഹോദരൻ ഇമ്രാൻ പരാതിയിൽ പറഞ്ഞു. ശനിയാഴ്ച രാത്രി സെക്കൻഡ് ഹാൻഡ് കാർ പരിശോധിക്കാൻ ഭിവാഡിയിൽ പോയ വാരിസും സുഹൃത്തുക്കളും തിരിച്ചുവരുമ്പോഴാണ് സംഭവമെന്ന് ഇമ്രാൻ പൊലീസിനോട് പറഞ്ഞു. വീട്ടുകാരുടെ മൊഴികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒന്നരവർഷം മുമ്പ് വിവാഹിതനായ വാരിസിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞുണ്ട്.
അതേസമയം, വാഹനത്തിൽ പശുവിനെ കണ്ടെത്തിയതായും കൊല്ലപ്പെട്ട വാരിസ് അടക്കം മൂന്നുപേർക്കുമെതിരെ ഹരിയാന പശുസംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽപ്പെട്ട ടെമ്പോ ഡ്രൈവർ അബ്ദുൾ കരീമിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ അപകടകരമായ ഡ്രൈവിങ്ങിനും കേസ് രജിസ്റ്റർ ചെയ്തു. നഫീസിനെതിരെ മുമ്പ് പശുക്കടത്തിനും കശാപ്പ് ചെയ്തതിനും കേസുള്ളതായും പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.