ലഖ്നൗ: മുവ്വായിരം രൂപയെ ചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ വ്യാപാരിയെ പട്ടാപ്പകൽ നഗ്നനാക്കി നടത്തിച്ച് പണമിടപാടുകാരൻ. ഉത്തർപ്രദേശിലെ നോയിഡയിൽ ഫേസ് 2 മാർക്കറ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പണമിടപാടുകാരനായ സുന്ദറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസമായിരുന്നു യുവാവിനെ നഗ്നനാക്കി പൊതുമധ്യത്തിൽ നടത്തുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. പ്രദേശത്ത് വെളുത്തുള്ളി വ്യാപാരിയായ അമിത് എന്ന യുവാവിനാണ് ദുരനുഭവമുണ്ടായത്. അമിത് സുന്ദറിൽ നിന്നും 5600 രൂപ കടം വാങ്ങിയിരുന്നു. തവണകളായി തിരിച്ചുനൽകാമെന്ന് ഉറപ്പ് നൽകിയ അമിത് ഇതിൽ 2500 രൂപ ചൊവ്വാഴ്ച സുന്ദറിന് കൈമാറിയിരുന്നു. ബാക്കി പണം പിന്നീട് നൽകാമെന്ന് ഉറപ്പ് നൽകിയെങ്കിലും വാക്കേറ്റമുണ്ടാകുകയായിരുന്നു.
പിന്നീട് പ്രദേശത്തുണ്ടായിരുന്ന ഏതാനും യുവാക്കളും സ്ഥലത്തെത്തിയതോടെ പ്രതി അമിതിനെ നിർബന്ധിച്ച് വിവസ്ത്രനാക്കുകയും പൊതുമധ്യത്തിലൂടെ നടത്തുകയുമായിരുന്നു. ഇയാൾ യുവാവിനെ വടി കൊണ്ട് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രദേശത്ത് നിന്നിരുന്ന ഏതാനും യുവാക്കളാണ് സംഭവത്തിന്‍റെ വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സുന്ദർ നടത്തിവരുന്ന സരസ്വതി ട്രേഡിങ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ സിറ്റി മജിസ്ട്രേറ്റ് ധർമ്മേന്ദ്ര കുമാർ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ഫേസ് 2 പൊലീസ് സുന്ദറിനെിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾ ഒളിവിലാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.