സഞ്ജയ് റോയ്
കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളജിൽ വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി സഞ്ജയ് റോയ് (33) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. 2024 ആഗസ്റ്റ് ഒമ്പതിനായിരുന്നു 31കാരിയയ ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അർദ്ധ നഗ്നമായ നിലയിലായിരുന്നു മൃതദേഹം. കൊൽക്കത്ത പൊലീസ് ആഗസ്റ്റ് 10നാണ് പ്രതി സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്യുന്നത്.
കൊൽക്കത്തയിലെ ബലാത്സംഗക്കൊല രാജ്യ വ്യാപകമായ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കിടെ ആഗസ്റ്റ് 12ന് ആശുപത്രി പ്രിൻസിപ്പൽ സന്ദീപ് ഘോഷ് രാജിവച്ചു. ആശുപത്രി സൂപ്രണ്ടിനെയും പശ്ചിമ ബംഗാൾ സർക്കാർ സ്ഥലം മാറ്റി. കൊൽക്കത്ത പൊലീസിലുള്ള അവിശ്വാസം ചൂണ്ടിക്കാട്ടി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇരയുടെ മാതാപിതാക്കൾ കൽക്കട്ട ഹൈകോടതിയിൽ ഹരജി നൽകി. തുടർന്ന് ഹൈകോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്. ആഗസ്റ്റ് 14ന് കൊൽക്കത്ത പൊലീസ് സഞ്ജയ് റോയിയെ ഔദ്യോഗികമായി സി.ബി.ഐക്ക് കൈമാറി.
ദേശീയ പ്രതിഷേധത്തിനിടയിൽ സുപ്രീം കോടതി കേസ് സ്വമേധയാ സ്വീകരിച്ച് വാദം കേൾക്കുന്നത് ആഗസ്റ്റ് 20ലേക്ക് മാറ്റി. എഫ്.ഐ.ആർ ഫയൽ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിൽ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെയും കൊൽക്കത്ത പൊലീസിനെയും ആശുപത്രി ഭരണകൂടത്തെയും മുൻ ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിമർശിച്ചു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി 10 അംഗ ടാസ്‌ക് ഫോഴ്‌സും കോടതി രൂപീകരിച്ചു.
സെപ്റ്റബർ രണ്ടിന് സന്ദീപ് ഘോഷിനെ ആർ.ജി കർ ആശുപത്രിയിൽ നടന്ന സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തു.
സർക്കാറും പ്രതിഷേധിക്കുന്ന ഡോക്ടർമാരും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ സെപ്റ്റബർ 14ന് മമത ബാനർജി ഡോക്ടർമാർ സമരം നടത്തുന്ന സ്ഥലം സന്ദർശിച്ച് അവരുമായി സംസാരിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ആർ.ജി കർ ബലാത്സംഗം കൊലപാതക കേസിലെ തെളിവുകൾ നഷ്‌ടപ്പെട്ടതിനും സന്ദീപ് ഘോഷിനെയും കൊൽക്കത്ത പൊലീസ് ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ടലിനെയും അതേ ദിവസം തന്നെ സി.ബി.ഐ അറസ്റ്റ് ചെയ്തു.
രണ്ട് ഘട്ടങ്ങളിലായി 50 ദിവസത്തിലധികം നീണ്ട പ്രതിഷേധത്തിന് ശേഷം ഡോക്ടർമാർ ഒക്ടോബർ അഞ്ചിന് നിരാഹാര സമരം ആരംഭിച്ചു. ഒക്ടോബർ ഏഴിനാണ് കേസിൽ പ്രതിയായ സഞ്ജയ് റോയിക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്. ഒക്‌ടോബർ 24ന് മമത ബാനർജിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പ്രതിഷേധിച്ച ഡോക്ടർമാർ നിരാഹാര സമരം പിൻവലിച്ചു.
നവംബർ 12നാണ് കേസിൽ വിചാരണ ആരംഭിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസമാണ് കേസിലെ പ്രതികളായ അഭിജിത് മൊണ്ടൽ, സന്ദീപ് ഘോഷ് എന്നിവർക്ക് ജാമ്യം അനുവദിക്കാൻ കാരണമായത്. ഡിസംബർ 13നാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്.
കേസിൽ വിചാരണ പൂർത്തിയാകുന്നത് ജനുവരി ഒമ്പതിനാണ്. 50 സാക്ഷികളെയാണ് വിസ്തരിച്ചത്. സംഭവം നടന്ന് 162 ദിവസങ്ങൾക്ക് ശേഷം ജനുവരി 18ന് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അഡീഷണൽ സെഷൻസ് ജഡ്ജി അനിരംഭൻ ദാസാണ് കേസിൽ ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.