തമിഴകത്തിന് ഇനി പുതുയുഗം; എം.ജി.ആറിന്‍റെ വഴിയെ നാടിന്‍റെ നായകനായി വിജയ്

ചെന്നൈ: തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റവും അതിനുപിന്നാലെ വന്ന പ്രതിസന്ധികളും മറികടന്നു വിസിലടിച്ച് സൂപ്പർ താരം വിജയ് തമിഴകത്തിന്റെ മുഖ്യമന്ത്രിയാവുമ്പോൾ സംസ്ഥാനവും ദേശീയ രാഷ്ട്രീയവും കാണുന്നത് മറ്റൊരു എം.ജി.ആറിനെ. ആരാധകവൃന്ദത്തെ കേവലം ആൾക്കൂട്ടത്തിനും ആർപ്പുവിളികൾക്കുമപ്പുറം ഒരു രാഷ്ട്രീയ വഴിത്തിരിവാക്കി മാറ്റി സിനിമയിലെ നായകനിൽ നിന്നും തമിഴ്നാടിന്റെ നായകനായി മാറിയിരിക്കുകയാണ് വിജയ്. രാഷ്ട്രീയക്കാരനായി മാറിയ തമിഴകത്തിന്റെ പ്രിയനടൻ എം.ജി.ആർ 49 വർഷം മുമ്പ് തമിഴകത്തിന് കാഴ്ചവെച്ച അതേ മാതൃക. രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കേവലം രണ്ടു വയസ്സ് മാത്രം പ്രായമുള്ള തമിഴക വെട്രി കഴകം (ടി.വി.കെ) തമിഴ്നാട്ടിൽ സീറ്റുകൾ തൂത്തുവാരിയത്. പാർട്ടി സ്ഥാപകനായ വിജയ് പോലും ഇതിൽ ഞെട്ടിയെന്ന് പറയുന്നതാണ് സത്യം.

1972ൽ എം.ജി.ആർ എ.ഐ.എ.ഡി.എം.കെ സ്ഥാപിക്കുകയും 1977ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു. അന്ന് 200 സീറ്റുകളിൽ മത്സരിച്ച എ.ഐ.എ.ഡി.എം.കെ 130 സീറ്റുകളിൽ വിജയിച്ചു. പോൾ ചെയ്തതിന്റെ 30.4 ശതമാനം വോട്ടായിരുന്നു പാർട്ടി നേടിയത്. പ്രധാനമായും, ദ്രാവിഡ മുന്നേറ്റ കഴകത്തിനുള്ളിൽ വർഷങ്ങളുടെ സംഘടനാ പരിചയവും, പതിറ്റാണ്ടുകളായി സിനിമയിൽ വളർത്തിയെടുത്ത വിപുലവും വിശ്വസ്തരുമായ ആരാധകവൃന്ദവും അദ്ദേഹം കൂടെ ഉണ്ടായിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിയായി സർക്കാർ രൂപീകരിച്ചു. 1977ൽ മുഖ്യമന്ത്രിയായ എം.ജി.ആർ 1987ൽ മരിക്കുന്നതുവരെ ഒരു ദശാബ്ദക്കാലം തമിഴ്‌നാടിനെ നയിച്ചു.

എം.ജി.ആറിന് ശേഷം സംസ്ഥാനത്തിന്റെ ചരിത്രത്തിൽ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നടനാണ് വിജയ്. എം.ജി.ആറിന് നേരത്തെ തന്നെ രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം ഉണ്ടായിരുന്നെങ്കിൽ അതില്ലാതെയാണ് വിജയ് സ്വന്തമായി പാർട്ടി രൂപീകരിച്ച് തമിഴ്നാട്ടിൽ ആറു പതിറ്റാണ്ട് നീണ്ട ദ്രാവിഡ അധികാര രാഷ്ട്രീയത്തെ അതിജയിച്ചിരിക്കുന്നത്.

വൻ ആരാധക പിന്തുണയുള്ള കമൽ ഹാസൻ അടക്കമുള്ളവർ പാർട്ടി രൂപീകരിച്ചെങ്കിലും രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സിനിമാ താരമെന്ന നിലയിൽ ജയലളിത മുഖ്യമന്ത്രിപദത്തിലെത്തിയത് സ്വന്തമായ ഒരു രാഷ്ട്രീയ മുന്നേറ്റത്തിലൂടെയായിരുന്നില്ല. എം.ജി.ആറിന്റെ പിൻഗാമിയായിട്ടായിരുന്നു ജയലളിത അധികാരക്കസേരയിലെത്തിയത്. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് വർഷം മാത്രം പ്രായമുള്ള വിജയിന്റെ ടി.വി.കെ 108 സീറ്റുകളാണ് വാരിക്കൂട്ടിയത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടി.വി.കെ മാറി. ഒരാഴ്ച നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ഡി.എം.കെ സഖ്യകക്ഷികളുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിച്ചാണ് വിജയിയുടെ അധികാരലബ്ധി.

2009ൽ തന്നെ വിജയ് തന്റെ ആരാധകവൃന്ദത്തെ പുനഃസംഘടിപ്പിക്കാൻ തുടങ്ങിയിരുന്നു. വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ക്ലബ് രൂപീകരിച്ചു. ക്ഷേമ-സേവന ശൃംഖലയായ സംഘടന, ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പ്രാദേശിക ഇടപെടലുകൾ എന്നിവയിലൂടെ അടിത്തട്ടിൽ ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങിയിരുന്നു. 2011ൽ എ.ഐ.എ.ഡി.എം.കെ നയിക്കുന്ന മുന്നണിയെ പരസ്യമായി പിന്തുണച്ചു. വിജയിന്റെ ആദ്യത്തെ വ്യക്തമായ തെരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു അത്. താരപരിവേഷത്തിലൂടെ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുമോ എന്നതിന്റെ പരീക്ഷണം കൂടിയായിരുന്നു അത്.

2010കളുടെ അവസാനത്തിലും 2020കളുടെ തുടക്കത്തിലും വിജയിന്റെ സിനിമാ കേന്ദ്രീകൃത പൊതുപരിപാടികൾ കൂടുതൽ രാഷ്ട്രീയ സ്വാധീനം ചെലുത്താൻ തുടങ്ങി. 2019ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അദ്ദേഹത്തിന്റെ വിമർശനം സിനിമയ്ക്ക് അപ്പുറമുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള സന്നദ്ധതയുടെ പ്രഖ്യാപനം കൂടിയായി. യുവാക്കളുടെ തൊഴിലില്ലായ്മ, അഴിമതി എന്നിവയെക്കുറിച്ചായിരുന്നു പ്രസംഗങ്ങൾ അധികവും. പാർട്ടി ആരംഭിക്കുന്നതിന് മുമ്പ് സംഘാടന മികവ് തെളിയിച്ചു. 2021ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയം നേടി. ഇത് പാർട്ടി രൂപീകരണത്തിന് വലിയ മുതൽക്കൂട്ടായി.

ഒടുവിൽ 2024 ഫെബ്രുവരിയിൽ ടി.വി.കെ രൂപവത്കരിച്ചു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങിയ ടി.വി.കെ സ്വന്തമായി മറ്റ് പാർട്ടികളുമായി സഖ്യത്തിന് തയാറായില്ല. ഡി.എം.കെ-എ.ഐ.എ.ഡി.എം.കെ ദ്വന്ദത്തിന് ശുദ്ധമായ ഒരു ബദലായി സ്വയം നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം വിജയ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്. വിജയിക്കുന്ന ടി.വി.കെ എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാൻ വിജയ് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തമിഴ്നാട്ടിൽ ഇനി വിജയ് യുഗമായിക്കും.

Tags:    
News Summary - A new era for Tamilnadu; Vijay becomes the hero of the country following MGR's path

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.