ബംഗളൂരു: തുമകുരുവിൽ മൂന്നു കുട്ടികളുൾപ്പെടെ അഞ്ചംഗ കുടുംബത്തെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തുമകുരു സദാശിവനഗർ സ്വദേശി ഗരീബ് സാബ് (36), ഭാര്യ സുമയ്യ (32), മക്കളായ ഹാജിറ (14), മുഹമ്മദ് ഷബാൻ (10), മുഹമ്മദ് മുനീർ (എട്ട്) എന്നിവരെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മരണം നടന്നതായാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
ഗരീബ് സാബ് തുമകുരുവിൽ കബാബ് വിൽപനക്കാരനാണ്. ഒന്നര ലക്ഷം രൂപ ഗരീബ് സാബ് അയൽവാസിയിൽനിന്ന് കടമെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് വിവരം. കേസെടുത്ത തിലക് പാർക്ക് പൊലീസ് അഞ്ചുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് അഞ്ചു മിനിറ്റും 22 സെക്കൻഡും ദൈർഘ്യമുള്ള വിഡിയോ റെക്കോഡ് ചെയ്തിട്ടുണ്ട്.
കൂടെ രണ്ടുപേജുള്ള ആത്മഹത്യക്കുറിപ്പും കണ്ടെത്തി. തന്റെ താമസസ്ഥലത്തിന്റെ താഴെ നിലയിലുള്ള വീട്ടിലെ കലന്തർ എന്നയാളും അയാളുടെ കുടുംബവും തന്നെ ഏതൊക്കെ വിധത്തിൽ പീഡിപ്പിച്ചിരുന്നതായി അദ്ദേഹം വിഡിയോയിൽ വെളിപ്പെടുത്തുന്നു. തന്നെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത് അവരാണെന്നും ആരോപിക്കുന്നു.
പ്രതികളെ ശിക്ഷിക്കണമെന്ന് ആഭ്യന്തരമന്ത്രി പരമേശ്വരയോടും അഭ്യർഥിക്കുന്നു. തുമകുരു കൊരട്ടഗരെയിൽനിന്നുള്ള ജനപ്രതിനിധിയായ പരമേശ്വര, തുമകുരു ജില്ല ചുമതലയുള്ള മന്ത്രികൂടിയാണ്. കലന്തർ തന്റെ ഭാര്യയെയും മക്കളെയും മർദിച്ചതായും മോശം പദപ്രയോഗങ്ങൾ നടത്തിയതായും വിഡിയോയിൽ ആരോപിക്കുന്നു.
മരണവീട് തിങ്കളാഴ്ച ആഭ്യന്തരമന്ത്രി സന്ദർശിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പോസ്റ്റ്മോർട്ടം നടക്കുന്ന തുമകുരു ജില്ല ആശുപത്രിയിലും സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.