ന്യൂഡൽഹി: കൊലപാതക, കവർച്ചാ കേസുകളിലെ പ്രതിയെ സാഹസികമായി കീഴടക്കി താരമായി പൊലീസ് ഉദ്യോഗസ്ഥൻ. ഡൽഹി പൊലീസിലെ ഹെഡ് കോൺസ്റ്റബിൾ മനോജ് ഔട്ടർ ഡൽഹിയിലെ നിഹാൽ വിഹാർ ഏരിയയിൽ നിന്നാണ് കുറ്റവാളിയെ കീഴടക്കിയത്.
ഡൽഹി പൊലീസ് പുറത്തുവിട്ട പ്രതിയെ കീഴടക്കുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതികളായ ധ്യാൻ സിങ് (26), നവനീത് (21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇതിലൊരാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ പൊലീസുകാരന് നേരെ വെടിയുതിർക്കുകയും ചെയ്തു.
ബൈക്ക് യാത്രികനെ തടഞ്ഞു നിർത്തി കഴുത്തിൽ നാടൻ തോക്ക് വെച്ച് പ്രതി ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിൽ കാണാം. തുടർന്ന് പ്രതിക്ക് നേരെ കല്ലെറിഞ്ഞ് കോൺസ്റ്റബിൾ ശ്രദ്ധ തിരിക്കുകയും ഈ സമയത്ത് ബൈക്ക് യാത്രികൻ രക്ഷപ്പെടുകയും ചെയ്തു.
പിന്നീട് ആയുധധാരിയായ അക്രമിയും കോൺസ്റ്റബിളും മുഖാമുഖം നിന്നു. വെടിവെക്കാൻ ഒരുങ്ങവെ അപ്രതീക്ഷിത നീക്കത്തിലൂടെ പ്രതിയെ കോൺസ്റ്റബിൾ കീഴടക്കുകയായിരുന്നു. ഇതിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാരും പ്രതിയെ പിടിച്ചുവെച്ചു. നാട്ടുകാർ പ്രതിയെ മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.