ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ആദരമായി ഗുവാഹത്തി കച്ചേരി സമർപ്പിച്ച ഗായകൻ ദിൽജിത് ദോസഞ്ജിനെ അഭിനന്ദിച്ചും നിര്യാണത്തിൽ അനുശോചിക്കാത്ത ബോളിവുഡിനെ രൂക്ഷമായി വിമർശിച്ചും കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനാഥെ. ചലച്ചിത്ര മേഖലയിലെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തനാക്കുന്ന നടപടിയാണ് ദിൽജിത് ദോസഞ്ജിയുടേതെന്ന് സുപ്രിയ ശ്രീനാഥെ വ്യക്തമാക്കി.
മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും മാന്യതയില്ലാത്ത ഒരു പറ്റം ഭീരുക്കളാണ് ചലച്ചിത്ര മേഖലയിലെ ഭൂരിപക്ഷമെന്നും സുപ്രിയ ശ്രീനാഥെ കുറ്റപ്പെടുത്തി.
'ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കാനും തിളങ്ങാനും ഒരു ധീരൻ ആവശ്യമാണ്. ദിൽജിത് ദോസഞ്ജി തന്‍റെ സംഗീതകച്ചേരി ഡോ. മൻമോഹൻ സിങ് ജിക്ക് സമർപ്പിച്ചു. ചലച്ചിത്ര മേഖലയിലെ ഭൂരിപക്ഷത്തിൽ നിന്നും വ്യത്യസ്തനാക്കുന്ന നടപടിയാണ് അദ്ദേഹത്തിന്‍റേത്. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ പോലും മാന്യതയില്ലാത്ത ഒരു പറ്റം ഭീരുക്കൾ.' -സുപ്രിയ ശ്രീനാഥെ വ്യക്തമാക്കി.
തന്‍റെ ഗുവാഹത്തി കച്ചേരി അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സമർപ്പിക്കുന്നതായി വിഡിയോ സന്ദേശത്തിലൂടെയാണ് ദിൽജിത് ദോസഞ്ജി വ്യക്തമാക്കിയത്. 'ഇന്നത്തെ കച്ചേരി അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് സമർപ്പിക്കുന്നു. വളരെ ലളിതമായ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്. ഒരിക്കലും മറുപടി പറയുകയോ മോശമായി സംസാരിക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയം പോലുള്ള ഒരു തൊഴിലിൽ ഇത് തികച്ചും അസാധ്യമാണ്' -ദിൽജിത് ദോസഞ്ജി ചൂണ്ടിക്കാട്ടി.
'നിങ്ങൾ എപ്പോഴെങ്കിലും ലോക്‌സഭ സമ്മേളനം കണ്ടിട്ടുണ്ടോ? നമ്മുടെ രാഷ്ട്രീയക്കാർ നഴ്‌സറി ക്ലാസിലെ കുട്ടികളെ പോലെ വഴക്കിടുന്നു. അവർ രാഷ്ട്രീയക്കാരെ പോലെ പോരാടുന്നില്ല. എനിക്ക് അതിലേക്ക് കടക്കാൻ താൽപര്യമില്ല. എന്നാൽ, മൻമോഹൻ സിങ്ങിന്‍റെ ഗുണം ഇതായിരുന്നു, അദ്ദേഹം ആരോടും മോശമായി സംസാരിച്ചിട്ടില്ല.'ദിൽജിത് ചൂണ്ടിക്കാട്ടി.
'എന്‍റെ നിശബ്ദത ആയിരം ഉത്തരങ്ങളേക്കാൾ മികച്ചതാണ്, എത്ര ചോദ്യങ്ങൾ അത് മാനം കാത്തുസൂക്ഷിക്കുമെന്ന് ആർക്കറിയാം'- മൻമോഹൻ സിങ്ങിന്‍റെ വാക്കുകൾ ചൂണ്ടിക്കാട്ടിയ ദിൽജിത്, ആ മാതൃക പിന്തുടരാൻ യുവാക്കളോട് ആഹ്വാനവും ചെയ്തു. 'നിങ്ങൾ നിങ്ങളുടെ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, കാരണം ചീത്ത പറയുന്നവനും ദൈവത്തിന്‍റെ അവതാരമാണ്. സാഹചര്യത്തെ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതായിരിക്കാം നിങ്ങളെ വിലയിരുത്തുന്നത്.'
'ഇന്ത്യൻ കറൻസിയിൽ ഒപ്പിട്ട ആദ്യത്തെ സിഖുകാരനായിരുന്നു അദ്ദേഹം. അതൊരു വലിയ നേട്ടമായിരുന്നു. അതിനാൽ, ഇന്ന്, തന്‍റെ രാജ്യത്തെ സ്നേഹിക്കുകയും തന്‍റെ ജീവിതം സേവനത്തിന് സമർപ്പിക്കുകയും ചെയ്ത ഒരു മനുഷ്യന്‍റെ മുമ്പിൽ ഞാൻ തല കുനിക്കുന്നു.'- ദിൽജിത് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.