മുംബൈ: പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ച്ുകയറി 15 വയസുകാരന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ ഗോരെഗാവ് പുരാർ ഐ.എൻ.ടി ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥി ഹുജേഫ ദവാരെയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് സ്‌കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾ ജാവലിൻ ത്രോ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കെ സഹവിദ്യാർഥി ജാവലിൻ എറിയുകയായിരുന്നു.
തന്റെ ഷൂ ലെയ്സ് കെട്ടാൻ കുനിഞ്ഞ ദവാരെ, ജാവലിൻ വരുന്നത് കണ്ടിരുന്നില്ല. ജാവലിൻ തലയിൽ തുളച്ചുകയറിയതിനെ തുടർന്ന് സംഭവസ്ഥലത്തുതന്നെ കുട്ടി കുഴഞ്ഞുവീണു. രക്തം വാർന്നൊഴുകിയ വിദ്യാർഥിയെ ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സ്‌കൂളിലെ ജാവലിൻ ടീമിലെ സജീവ അംഗമായ ദവാരെ വരാനിരിക്കുന്ന തലൂക്കാതല മീറ്റിനുള്ള തയ്യാറെടുപ്പിലായിരുന്നു.
നിലവിൽ അപകട മരണത്തിനാണ് ഗോരേഗാവ് പൊലീസ് കേസെടുത്തിട്ടുള്ളതെന്നും ജാവലിൻ എറിഞ്ഞ വിദ്യാർഥിയുടെ ഭാഗത്തുനിന്നു എന്തെങ്കിലും അനാസ്ഥ ഉണ്ടായോയോന്ന് പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.