രണ്ടിലധികം കുട്ടികളുണ്ടോ; സർക്കാർ ജീവനക്കാർ കാരണംകാണിക്കണമെന്ന് മധ്യപ്രദേശ് സർക്കാർ

രണ്ടിലധികം കുട്ടികളുള്ള സർക്കാർ ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസയച്ച് മധ്യപ്രദേശ് സർക്കാർ. 954 ജീവനക്കാർക്കാണ് നോട്ടീസ് നൽകിയത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലെ സ്‌കൂൾ എഡുക്കേഷൻ ഡിപ്പാർട്ട്‌മെൻറാണ് ജീവനക്കാർക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്.

സർവീസ് ചട്ടം ലംഘിച്ചതിനാണ് നോട്ടീസ് നൽകിയിരിക്കുന്നതെന്ന് വിദിഷ ജില്ലാ വിദ്യാഭ്യാസ ഓഫീസർ അതുൽ മുദ്ഗൽ പറഞ്ഞു. '2000ത്തിൽ പുറത്തിറക്കിയ പൊതുഭരണ വകുപ്പിന്റെ സർക്കുലർ പ്രകാരം 2001 ജനുവരി 26ന് ശേഷം മൂന്നാമത്തെ കുട്ടിയുണ്ടായ സർക്കാർ ജീവനക്കാരന് ജോലിയിൽ തുടരാൻ അർഹതയില്ല. 2001 ജനുവരി 26ന് ശേഷമുള്ള എല്ലാ നിയമന ഉത്തരവിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്' -ഓഫീസർ വ്യക്തമാക്കി.

എന്നാൽ ഇക്കാര്യം തങ്ങൾക്ക് അറിയുമായിരുന്നില്ലെന്നാണ് ചില അധ്യാപകർ പറയുന്നത്. നിയമന ഉത്തരവിൽ വിഷയം പരാമർശിച്ചവർക്കെതിരെ മാത്രം നടപടി സ്വീകരിക്കണമെന്നാണ് മറ്റു ചിലർ പറയുന്നത്. ജീവനക്കാരിൽ ആർക്കൊക്കെ എത്ര കുട്ടികളുണ്ടെന്ന വിവരം ഒരു മാസം മുമ്പ് ഡിപ്പാർട്ട്‌മെൻറ് അന്വേഷിച്ചിരുന്നു. 'സ്‌കൂൾ എഡുക്കേഷൻ ഡിപ്പാർട്ട്‌മെൻറ് രണ്ടിലേറെ കുട്ടികളുള്ളവരുടെ വിവരം തേടിയിരുന്നു. നിയമസഭാ ബജറ്റ് സെഷനിൽ ഒരു എം.എൽ.എ ഉന്നയിച്ച ചോദ്യത്തെ തുടർന്നായിരുന്നു ഈ അന്വേഷണം നടത്തിയത്. പല ജില്ലകളിലും ഇത്തരത്തിൽ വിവരം തേടുന്നുണ്ട്' -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

954 ജീവനക്കാർക്ക് രണ്ടു കുട്ടികളുണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് നോട്ടീസ് അയച്ചപ്പോൾ 154 പേർ മറുപടി നൽകിയെന്ന് മുദ്ഗൽ അറിയിച്ചു. ജീവനക്കാർ തങ്ങൾ ചട്ടം അറിയുമായിരുന്നില്ലെന്നും മറ്റുമുള്ള തൃപ്തികരമല്ലാത്ത മറുപടിയാണ് നൽകുന്നതെന്നും ഇവ തുടർനടപടിക്കായി സംസ്ഥാന സർക്കാറിനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'കാരണം കാണിക്കൽ നോട്ടീസ് ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ നിയമന ഉത്തരവിൽ ഈ ചട്ടം പറഞ്ഞിരുന്നില്ല. അവ പരാമർശിച്ചവർക്കെതിരെ മാത്രമേ നടപടി സ്വീകരിക്കാവൂ' നോട്ടീസ് ലഭിച്ച അധ്യാപകനായ മോഹൻ സിങ് ഖുഷ്‌വാല മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - 954 MP govt staff with more than 2 kids served notices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.