2014 മുതൽ 93 പരീക്ഷ പേപ്പറുകൾ ചോർന്നു; ‘ജെൻ സി’യോട് സമാധാനപരമായ പ്രക്ഷോപത്തിന് ആഹ്വാനം ചെയ്ത് കെജ്‌രിവാൾ

ന്യൂഡൽഹി: രാജ്യത്ത് 2014 മുതൽ 93 തവണ പരീക്ഷ പേപ്പറുകൾ ചോർന്നുവെന്നും ഇതിനെതിരെ യുവതലമുറ സമാധാനപരമായി പ്രതിഷേധം നടത്തണമെന്നും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. നേപ്പാളിലേതിന് സമാനമായ രീതിയിൽ ‘ജെൻ സി’ ജനത അവകാശങ്ങൾക്കായി ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി ഭരണത്തിന് കീഴിൽ പരീക്ഷ നടത്തിപ്പ് സംവിധാനം പൂർണമായും തകർന്നിരിക്കുകയാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രങ്ങളെന്നും ചോർച്ചയുടെ വേരുകൾ നീളുന്നത് രാജസ്ഥാനിലേക്കാണെന്നും കെജ്‌രിവാൾ പറഞ്ഞു.

തുടർച്ചയായുണ്ടാകുന്ന പരീക്ഷാ ക്രമക്കേടുകളിൽ സി.ബി.ഐ അന്വേഷണത്തെ കെജ്‌രിവാൾ രൂക്ഷമായി വിമർശിച്ചു: പത്തുപതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനിപ്പിക്കുന്ന പതിവ് രീതിയാണ് ഇപ്പോഴും തുടരുന്നത്. അറസ്റ്റിലാകുന്ന പ്രതികളെല്ലാം മാസങ്ങൾക്കുള്ളിൽ ജാമ്യത്തിലിറങ്ങുകയും അടുത്ത വർഷത്തെ പരീക്ഷകൾ ചോർത്താൻ വീണ്ടും പദ്ധതിയിടുകയും ചെയ്യുന്നു. 2017ലെയും 2021ലെയും പേപ്പർ ചോർച്ചകളിൽ സി.ബി.ഐ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്തെ ആറ് കോടിയോളം വരുന്ന വിദ്യാർഥികളുടെയും ഉദ്യോഗാർഥികളുടെയും ഭാവിയാണ് കേന്ദ്ര സർക്കാർ അവതാളത്തിലാക്കിയത്. നീതി ലഭിക്കണമെങ്കിൽ യുവാക്കൾ ശക്തമായ നിലപാടുമായി രംഗത്തിറങ്ങണമെന്നും കെജ്‌രിവാൾ ആഹ്വാനം ചെയ്തു. പരീക്ഷാ നടത്തിപ്പിലെ അഴിമതികൾ തടയാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ലെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - 93 exam papers leaked since 2014; Kejriwal calls on 'Gen Z' to peacefully protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.