മഹാകുംഭമേള: യു.പി ജയിലുകളിൽ ഗംഗാജലമെത്തിച്ച് 90,000 തടവുകാരെ കുളിപ്പിച്ച് അധികൃതർ -VIDEO

ലഖ്നോ: മഹാകുംഭമേളയുടെ ഭാഗമായി സംസ്ഥാനത്തെ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തിൽ കുളിപ്പിച്ച് ജയിൽ വകുപ്പ്. പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തിൽ നിന്നുള്ള വെള്ളം ജയിലുകളിലെത്തിച്ചാണ് തടവുപുള്ളികൾക്ക് കുളിക്കാൻ അവസരം നൽകിയത്. ഗംഗാജലം ജയിലിലെത്തിച്ച് ടാങ്കുകളിലെ വെള്ളത്തിൽ കലർത്തിയാണ് തടവുകാർ 'സ്നാനം' നടത്തിയത്.

വിവിധ ജയിലുകളിൽ അധികൃതരുടെ നേതൃത്വത്തിൽ പൂജകളോടെയാണ് 'ഗംഗാ സ്നാനം' നടന്നത്. 55 കോടിയോളം ജനങ്ങൾ ത്രിവേണി സംഗമത്തിൽ മുങ്ങി ആത്മീയചൈതന്യം നേടിയപ്പോൾ സംസ്ഥാനത്തെ തടവുകാർക്കും അതിനുള്ള അവസരമൊരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് യു.പി സർക്കാറെന്ന് ജയിൽ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാൻ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു സർക്കാർ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഗംഗാജലം നേരിട്ടെത്തിച്ച് കുളിക്കാൻ അവസരമൊരുക്കുകയായിരുന്നു. തടവുപുള്ളികൾ കലാപരമായി ഗംഗയെയും യമുനയെയും സരസ്വതിയെയും സൃഷ്ടിച്ച് അതിൽ കുളിച്ച് ചരിത്രം സൃഷ്ടിക്കുന്നത് കാണാൻ കഴിഞ്ഞു. എല്ലാവരെയും അഭിനന്ദിക്കുകയാണ് -മന്ത്രി പറഞ്ഞു.

ജയിലുകളിൽ തടവുകാർ ഗംഗാജലത്തിൽ കുളിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ ഗംഗാ ജലത്തിൽ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചത്. മഹാ കുംഭമേളയിലെ സ്നാനഘട്ടുകൾക്ക് സമീപമുള്ള വെള്ളത്തിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയതായി ദേശീയ ഹരിത ട്രൈബ്യൂണൽ (എൻ.ജി.ടി) ഫെബ്രുവരി 17 നാണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഗംഗയില്‍ ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചത്. റിപ്പോർട്ട് രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ചുവെങ്കിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തള്ളിക്കളയുകയായിരുന്നു. ജലത്തിന് പ്രശ്നമില്ലെന്നും കുടിക്കാൻ വരെ നല്ലതാണെന്നുമാണ് യോഗി ആദിത്യനാഥ് പറഞ്ഞത്. 

Tags:    
News Summary - 90,000 prison inmates in UP bathe in holy water brought from Triveni Sangam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.