കൊൽക്കത്ത: അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച് അധികാരത്തിൽ എത്തിയാൽ തൃണമൂൽ കോൺഗ്രസ് ഭരണകാലത്ത് ബലമായി പിടിച്ചെടുത്ത സി.പി.എം ഓഫിസുകൾ അവർക്ക് തിരിച്ചുനൽകുമെന്ന് പശ്ചിമ ബംഗാളിലെ പുതിയ ബി.ജെ.പി അധ്യക്ഷൻ സമിക് ഭട്ടാചാര്യ.
കോൺഗ്രസിലെയും സി.പി.എമ്മിലെയും പഞ്ചായത്ത് അംഗങ്ങൾക്ക് ഭയവും ആശങ്കയുമില്ലാതെ ബി.ജെ.പിക്കെതിരെ മത്സരിക്കാനാകും. അവരുടെ വീടുകളിലേക്ക് പൊലീസിനെ അയച്ച് ഭീഷണിപ്പെടുത്തില്ല. ഇന്ത്യ ഒരു ബഹുകക്ഷി ജനാധിപത്യ രാജ്യമാണ്, ബഹുസ്വരത രാജ്യത്തിന്‍റെ പ്രത്യേകതയാണ്. ഇവിടെ എല്ലാ പാർട്ടികൾക്കും ശബ്ദിക്കാനാകും. അതിൽ ഒരു പ്രശ്നവുമില്ലെന്നും രാജ്യസഭ എം.പി കൂടിയായ ഭട്ടാചാര്യ പറഞ്ഞു. ‘ദ ഇന്ത്യൻ എക്സ്പ്രസ്’ പത്രത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിൽനിന്ന് തൃണമൂൽ കോൺഗ്രസിനെ പുറത്താക്കേണ്ടത് അനിവാര്യമാണ്, സംസ്ഥാനത്ത് ജനാധിപത്യം പുനസ്ഥാപിക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്നതായിരിക്കും പാർട്ടി. ബംഗാളിലെ മുസ്ലിംകൾക്കിടയിൽ പാർട്ടിക്ക് വലിയ അടിത്തറയില്ല. വലിയൊരു വിഭാഗം മുസ്ലിംകളും പാർട്ടിക്ക് വോട്ട് ചെയ്യാറില്ല. എന്നാൽ, ഏതാനും മുസ്ലിം ഭൂരിപക്ഷ പഞ്ചായത്തുകളിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചിട്ടുണ്ട്. പാർട്ടി മുസ്ലിംകൾക്കെതിരല്ല, അവരുടെ ദാരിദ്ര്യത്തിന് എതിരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, കോൺഗ്രസിനെയും സി.പി.എമ്മിനെയും സഖ്യത്തിനായി സമിക് ഭട്ടാചാര്യ ക്ഷണിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് മാറ്റുന്നതിന് രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് മഹാസഖ്യം രൂപീകരിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, ബി.ജെ.പിയുടെ ക്ഷണത്തെ കോണ്‍ഗ്രസും സി.പി.എമ്മും തള്ളിക്കളഞ്ഞു.
ബംഗാളിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാഷ്ട്രീയ സംഘർഷങ്ങളിൽ കൊല്ലപ്പെടുന്ന 90 ശതമാനം പേരും മുസ്ലീംകളാണ്. മുസ്ലീംകൾ മുസ്ലീംകളെ തന്നെ കൊല്ലുകയാണ്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇത് കാണുന്നില്ല, അത് ഗുജറാത്തിലായാലും ഉത്തർപ്രദേശിലായാലും. എത്ര കാലം നിങ്ങൾ മന്ദിറിന്‍റെയും മസ്ജിദിന്‍റെയും കഥകൾ കേൾക്കും. അതൊരു പഴയ കഥയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.