ഒരു വർഷത്തിനിടയിൽ 700 ശൈശവവിവാഹങ്ങൾ; ഉദ്യോഗസ്ഥരെ വിമർശിച്ച് സിദ്ധരാമയ്യ

ബംഗളൂരു: ശൈശവവിവാഹങ്ങളും പ്രായപൂർത്തിയാകാത്തവരുടെ ഗർഭധാരണവും വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്തുകളിലെ ഡെപ്യൂട്ടി കമീഷനർമാരെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരെയും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിമർശിച്ചു. 2024-25 കാലയളവിൽ കർണാടകയിൽ 700 ഓളം ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 50 ശതമാനത്തിലധികം കേസുകൾ അഞ്ച് ജില്ലകളിലാണ് രേഖപ്പെടുത്തിയത്.

ഈ വർഷം ആകെ 3,489 പോക്സോ കേസുകളിൽ 685 ഇരകൾ ഗർഭിണികളായതായാണ് വനിതാ ശിശു വികസന വകുപ്പ് അവതരിപ്പിച്ച ഡാറ്റയിൽ പറയുന്നത്. സംസ്ഥാനത്ത് തുടർച്ചയായി നടക്കുന്ന ശൈശവ വിവാഹങ്ങളും കൗമാര ഗർഭധാരണങ്ങളും വർധിക്കുന്നത് ആശങ്കാജനകമാണെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.

വിധാൻ സൗധയിൽ ഡെപ്യൂട്ടി കമീഷനർമാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർമാരുടെയും അവലോകന യോഗത്തിൽ പ്രസംഗിക്കവേ, പിന്നാക്ക സമുദായങ്ങൾ, ദലിതർ, വിദ്യാഭ്യാസകുറവുള്ളവർ ഉള്ള പ്രദേശങ്ങളിലാണ് ശൈശവ വിവാഹവും ഗർഭധാരണ കേസുകളും കൂടുതലായി കാണപ്പെടുന്നത്. ഇത് ഫലപ്രദമായി തടയണം. ഇത് അവസാനിപ്പിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ ? എന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ചോദിച്ചു.

കർശനമായ ജാഗ്രത പാലിക്കണമെന്നും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യാത്ത പി.ഡി.ഒമാർക്കും റവന്യൂ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആവശ്യമെങ്കിൽ കുറ്റവാളികൾക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പത്താം ക്ലാസ് ബോർഡ് പരീക്ഷകളിലെ മോശം ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. എസ്.എസ്.എൽ.സി ഫലങ്ങൾ മോശമാകുന്നതിന് അധ്യാപകരുടെയോ ജീവനക്കാരുടെയോ അഭാവമാണ്. മംഗളൂരുപോലെ ചില ജില്ലകളിൽ മാത്രം നല്ല ഫലങ്ങൾ ഒതുങ്ങിപോയതിനെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

അതിന്‍റെ ഉത്തരവാദിത്തം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർമാർ ഏറ്റെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.ഡി.പി.ഐകൾ ഓഫീസുകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ജില്ല മുഴുവൻ സഞ്ചരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വർഷം മാത്രം സംസ്ഥാനത്ത് 700 ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ട്. ഇതിൽ പല കേസുകളിലും എഫ്‌.ഐ.ആർ പോലും ഫയൽ ചെയ്തിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും 700 ശൈശവ വിവാഹങ്ങൾ ഇപ്പോഴും എങ്ങനെ നടക്കുന്നു? ശൈശവ വിവാഹം തടയാൻ നിയമങ്ങളുണ്ട്. എന്നിട്ടും ചില സ്ഥലങ്ങളിൽ ഈ നിയമങ്ങൾ നടപ്പാക്കപ്പെടുന്നില്ല. ഇത് ഒരു പരാജയമല്ലേ? മുഖ്യമന്ത്രി ചോദിച്ചു.

എല്ലാ പോക്സോ കേസുകളിലും കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത സിദ്ധരാമയ്യ ഊന്നിപ്പറയുകയും കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കാൻ ക്രിമിനൽ കുറ്റങ്ങൾ ഉടനടി ഫയൽ ചെയ്ത് സമഗ്രമായി പിന്തുടരാൻ നിർദ്ദേശിക്കുകയും ചെയ്തു

Tags:    
News Summary - 700 child marriages in a year; Siddaramaiah slams officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.