ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ

നയതന്ത്ര വൃത്തങ്ങളിൽ ആശയക്കുഴപ്പം; ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സന്ദർശന പ്രസ്താവന പിൻവലിച്ച് രാഷ്‌ട്രപതി ഭവൻ

ന്യൂഡൽഹി: ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന്റെ വരാനിരിക്കുന്ന ഡൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി ഭവൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന ഒരു മണിക്കൂറിനുള്ളിൽ പിൻവലിച്ചു. വെള്ളിയാഴ്ച ഉണ്ടായ ഈ അസാധാരണ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വൃത്തങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

പ്രസിഡന്റിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി നവിക ഗുപ്തയുടെ പേരിൽ പുറത്തിറക്കിയ ഇമെയിൽ സന്ദേശത്തിൽ, ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക സ്വീകരണച്ചടങ്ങിന്റെ റിഹേഴ്സൽ നടക്കുന്നതിനാൽ അന്നേദിവസം നിശ്ചയിച്ചിരുന്ന ഗാർഡ് ഓഫ് ഓണർ ചടങ്ങ് ഉണ്ടായിരിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇത് താരിഖ് റഹ്മാന്റെ സന്ദർശനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകുമെന്ന ശക്തമായ സൂചന നൽകിയിരുന്നു. എന്നാൽ, ഈ പ്രസ്താവന പുറത്തിറങ്ങി കുറച്ചു സമയത്തിനകം തന്നെ രാഷ്‌ട്രപതി ഭവൻ അത് പിൻവലിക്കുകയാണുണ്ടായത്.

ആദ്യ പ്രസ്താവന പുറത്തിറങ്ങി കുറച്ചു സമയത്തിനകം തന്നെ രാഷ്‌ട്രപതി ഭവൻ മറ്റൊരു പ്രസ്താവന കൂടി പുറത്തിറക്കിയാണ് മുൻ കുറിപ്പ് പിൻവലിച്ചത്. “ഈ ശനിയാഴ്ച ഗാർഡ് ഓഫ് ഓണർ ചടങ്ങ് ഉണ്ടാവില്ല എന്ന വിഷയത്തിൽ പുറത്തിറക്കിയ പ്രസ് റിലീസ് റദ്ദാക്കപ്പെട്ടിരിക്കുന്നു” എന്ന് പുതിയ അറിയിപ്പിൽ വ്യക്തമാക്കി. ഈ രണ്ട് പരസ്പരവിരുദ്ധമായ പ്രഖ്യാപനങ്ങളും ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ സന്ദർശന ഉപാധികളും ഇന്ത്യ ബംഗ്ലാദേശ് വിഷയത്തിലെ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിൽ സന്ദർശനത്തെക്കുറിച്ചുള്ള ചർച്ചകൾ നടന്നു വരികയാണെങ്കിലും, മുൻ പ്രധാനമന്ത്രി ​ശൈഖ് ഹസീനയെയും വിദ്യാർഥി നേതാവ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ സംശയിക്കപ്പെടുന്നവരെയും കൈമാറിക്കൊണ്ട് സന്ദർശനത്തിനായി അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം നേരത്തേ ആവശ്യ​പ്പെട്ടിരുന്നു. ദേശീയ താത്പര്യം സംരക്ഷിച്ചുകൊണ്ട് മാത്രമേ ഉന്നതതല സന്ദർശനങ്ങൾ നടത്തുകയുള്ളൂ എന്നും, പരസ്പര വിശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനങ്ങളുണ്ടാവുകയുള്ളൂ എന്നും ബംഗ്ലാദേശ് വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 5ന് ന്യൂഡൽഹിയിൽ ശൈഖ് ഹസീന നടത്തിയ വാർത്താസമ്മേളനമാണ് റഹ്മാന്റെ സന്ദർശനത്തിനുള്ള സാഹചര്യം മോശമാക്കിയത്. ഹസീനയുടെ വാർത്താസമ്മേളനത്തിൽ നിന്ന് ഇന്ത്യൻ സർക്കാർ അകലം പാലിച്ചിരുന്നെങ്കിലും, ഇന്ത്യയുടെ മണ്ണിൽ പരിപാടി സംഘടിപ്പിച്ചതിൽ ബംഗ്ലാദേശ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 

Tags:    
News Summary - Uncertainty Over Bangladesh PM's India Visit, Rashtrapati Bhavan Recalls Notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.