പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ 62ാം ചരമവാർഷികം: ശാന്തിവനിലെത്തി കോൺഗ്രസ് നേതാക്കൾ ആദരമർപ്പിച്ചു

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്‍റെ അറുപത്തിരണ്ടാം ചരമവാർഷികത്തിൽ രാജ്യത്തുടനീളം വിപുലമായ അനുസ്മരണം. ഡൽഹിയിലെ ശാന്തിവൻ സ്മാരകത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരെത്തി നെഹ്റുവിന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ബി.കെ ഹരിപ്രസാദ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇവർക്കൊപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജവഹർലാൽ നെഹ്റുവിന് ആദരമർപ്പിച്ചു. ചരമവാർഷികത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് പ്രണാമം അർപ്പിക്കുന്നതായി അദ്ദേഹം സമൂഹമാധ്യമമായ 'എക്സി'ൽ കുറിച്ചു. ആധുനിക ഇന്ത്യയുടെ ശില്പിയെ രാജ്യം ഇന്ന് കൃതജ്ഞതയോടെ ഓർക്കുകയാണെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി. രാഷ്ട്രത്തിന്‍റെ പുരോഗതിക്ക് അടിത്തറയിട്ട നേതാവാണ് നെഹ്റു എന്ന് എൻ.സി.പി (എസ്.പി) എം.പി സുപ്രിയ സുലെ അനുസ്മരിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ നിർണായക പങ്കുവഹിച്ച നെഹ്റു, 1947-ൽ രാജ്യം സ്വാതന്ത്ര്യം നേടിയത് മുതൽ 16 വർഷത്തിലധികം പ്രധാനമന്ത്രി പദവിയിൽ തുടർന്നു. ചേരിചേരാ പ്രസ്ഥാനത്തിന്‍റെ പ്രധാന വക്താവായിരുന്ന അദ്ദേഹം 1964 മെയ് 27-നാണ് അന്തരിച്ചത്. കുട്ടികളുടെ പ്രിയപ്പെട്ട 'ചാച്ചാജി'യായിരുന്ന നെഹ്റുവിന്‍റെ ജന്മദിനമായ നവംബർ 14 രാജ്യത്ത് ശിശുദിനമായാണ് ആഘോഷിക്കുന്നത്.

Tags:    
News Summary - 60th Death Anniversary of Pandit Jawaharlal Nehru: Congress Leaders Pay Tribute at Shanti Vana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.