'കുംഭമേളയിൽ 60 പേരോളം മരിച്ചു, ഞാൻ വിമർശിച്ചില്ല, ദുരന്തത്തിൽ രാഷ്ട്രീയം കളിക്കാനില്ല'; പ്രതിപക്ഷത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മറ്റു സ്ഥലങ്ങളിലെ സമാനമായ ദുരന്തത്തെ കാണിച്ച് ന്യായീകരിക്കാനോ രാഷ്ട്രീയം കളിക്കാനോ സർക്കാർ മുതിരില്ലെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതിപക്ഷ വിമർശനത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

'ഇത്തരം സംഭവങ്ങൾ പല സ്ഥലങ്ങളിലും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ അവിടെയും ഇവിടെയും സംഭവിച്ചു എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇതിനെ ന്യായീകരിക്കാൻ പോകുന്നില്ല. കുംഭമേളയിൽ 50-60 പേർ മരിച്ചു, ഞാൻ അതിനെ വിമർശിച്ചില്ല. സർക്കാർ ഇതിൽ രാഷ്ട്രീയം കളിക്കില്ല. മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 15 ദിവസത്തെ സമയം നൽകി. ആളുകൾ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ പോലും തകർത്തു. തിക്കിലും തിരക്കിലും പെട്ടു.ഇത്രയും വലിയ ജനക്കൂട്ടം ആരും പ്രതീക്ഷിച്ചിരുന്നില്ല. 35,000 ആണ് സ്റ്റേഡിയത്തിലെ സീറ്റിങ് കപാസിറ്റി. എന്നാൽ രണ്ടോ മൂന്നോ ലക്ഷംപേർ അവിടെയെത്തി. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്ന ആളുകളേ എത്തൂ എന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടൽ” -മുഖ്യമന്ത്രി പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നൽകും. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ നടത്തുന്ന മെജസ്റ്റീരിയൽ അന്വേഷണം 15 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. 


സൗജന്യ പാസും പരിമിതമായ സീറ്റും ആ​ശയക്കുഴപ്പവും; ബംഗളൂരുവിൽ ദുരന്തത്തിലേക്കു നയിച്ച കാരണങ്ങൾ

ഫ്രീ പാസുകൾ, വിജയാഘോഷ പരേഡിനെക്കുറിച്ചുള്ള ആശയക്കുഴപ്പം, സ്റ്റേഡിയത്തിലെ തിരക്ക്, പരിമിതമായ സീറ്റുകൾ എന്നിവയാണ് ബംഗളൂരുവിലെ ദുരന്തത്തിന് പിന്നിലെ പ്രധാന കാരണങ്ങളെന്ന് റി​പ്പോർട്ട്.

സ്റ്റേഡിയത്തിലേക്ക് പ്രവേശന ടിക്കറ്റില്ലാത്ത നിരവധി ക്രിക്കറ്റ് പ്രേമികൾ ടിക്കറ്റുകൾ കൈവശം വച്ചിരുന്നവരോടൊപ്പം പരിസരത്തേക്ക് കൂട്ടംകൂടി കയറാൻ ശ്രമിച്ചതോടെയാണ് തുടക്കത്തിലെ തിക്കും തിരക്കും തുടങ്ങിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ബുധനാഴ്ചയാണ് ക്രിക്കറ്റ് അസോസിയേഷൻ പരിപാടി സംഘടിപ്പിച്ചത്. സ്റ്റേഡിയത്തിൽ വിജയ പരേഡ് ഉണ്ടാകില്ലെന്നും അനുമോദന ചടങ്ങ് മാത്രമേ ഉണ്ടാകൂ എന്നും ബുധനാഴ്ച രാവിലെ 11.56ന് സംഘാടകർ പ്രഖ്യാപിച്ചു. എന്നാൽ, വൈകുന്നേരം 5 മണിക്ക് വിജയ പരേഡ് നടത്തുമെന്ന് ഉച്ചകഴിഞ്ഞ് 3.14ന് ആർ‌.സി.‌ബി മാനേജ്‌മെന്റ് ടീമിന്റെ അറിയിപ്പു വന്നു.

‘ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിജയ പരേഡിനു ശേഷം ആഘോഷങ്ങൾ നടക്കും. പൊലീസും മറ്റ് അധികാരികളും നിശ്ചയിച്ചിട്ടുള്ള മാർഗനിദേശങ്ങൾ പാലിക്കാൻ എല്ലാ ആരാധകരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. അതുവഴി എല്ലാവർക്കും റോഡ്‌ഷോ സമാധാനപരമായി ആസ്വദിക്കാനാകും. shop.royalchallengers.comൽ സൗജന്യ പാസുകൾ വഴി പരിമിതമായ പ്രവേശനം ലഭ്യമാണ്’ എന്നായിരുന്നു ‘എക്സി’ലെ അവരുടെ അറിയിപ്പ്.

വിജയാഘോഷ പരേഡ് നടത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകരെ ഇത് ആശയക്കുഴപ്പത്തിലാക്കി. പരേഡ് നടത്തില്ലെന്നും ടിക്കറ്റുള്ളവർക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ അനുവാദമുള്ളൂവെന്നും വ്യക്തമാക്കിയിരുന്നെങ്കിലും ധാരാളം ആരാധകർ സ്റ്റേഡിയത്തിന് പുറത്ത് തടിച്ചുകൂടിയതായും അവരിൽ പലരും പ്രവേശനം നേടുന്നതിനായി ഗേറ്റുകൾ ചാടിയിറങ്ങിയതായും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

സാധുവായ ടിക്കറ്റുള്ളവർക്ക് ആഘോഷങ്ങൾക്കായി സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നെങ്കിലും പലരും സൗജന്യ പാസുകളും ടിക്കറ്റുകളും ഉള്ളവരോടൊപ്പം കടക്കാൻ ശ്രമിച്ചു. പ്രവേശനം നേടാനുള്ള ശ്രമത്തിൽ അവരിൽ ചിലർ പരസ്പരം തള്ളിക്കയറാനും തുടങ്ങിയെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 50,000 ആളുകൾ ഒരു കിലോമീറ്റർ ചുറ്റളവിൽ തന്നെ ഉണ്ടായിരുന്നു. അവരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നു. ബഹളത്തിനിടെ ചിലർ നിലത്ത് വീണു. സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാൻ വലിയ ഗേറ്റുകൾ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ ചിലർക്ക് പരിക്കേറ്റു.

Tags:    
News Summary - '50-60 Died In Kumbh, I Didn't Criticise': CM Siddaramaiah After Bengaluru Stampede

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.