ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ അഞ്ച് വയസ്സുകാരിയെ ക്ഷേത്രത്തിനുള്ളിൽവച്ച് ബലാത്സംഗം ചെയ്തു. മേയ് 18ന് നടന്ന സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. വീടിനു സമീപത്തെ ക്ഷേത്രത്തിനരികെ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ, അയൽക്കാരനായ പവിത്ര അകത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ബന്ധുക്കൾ ഓടിയെത്തി.
കുട്ടിയുടെ മുത്തശ്ശിയെ തള്ളിയിട്ട് ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ, അവിടേക്കെത്തിയ നാട്ടുകാർ പിടികൂടി ‘കൈകാര്യം ചെയ്ത’ശേഷം പൊലീസിന് കൈമാറി. പ്രതിക്ക് മാനസിക തകരാറുണ്ടെന്ന് വീട്ടുകാർ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വീണ്ടും പ്രതിഷേധമുയർന്നു. ഇതോടെ വീണ്ടും അറസ്റ്റ് ചെയ്തു.
തുടക്കത്തിൽ കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച ഉദാസീന നിലപാട് വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നു. മാനസിക പ്രശ്നമെന്ന് പ്രതിയുടെ കുടുംബം അവകാശപ്പെട്ടതിനു പിന്നാലെയാണ് ആദ്യം വിട്ടയച്ചത്. പിന്നീട് ക്രൂരകൃത്യത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, പെൺകുട്ടിയുടെ കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതി സമീപത്തെ ഒരു മെഡിക്കൽ സ്റ്റോറിൽ ജോലി ചെയ്യുന്നയാളാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പെൺകുട്ടിയെ വൈദ്യപരിശോധനക്കുശേഷം കുടുംബത്തോടൊപ്പം വിട്ടയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.