ഉത്തരാഖണ്ഡ് കാട്ടുതീ: അഞ്ചു മരണം, 1300 ഹെക്ടർ കത്തിനശിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വൻ കാട്ടുതീയിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും 1300 ഹെക്ടർ വനം നശിച്ചതായും അധികൃതർ. തീ ഇപ്പോൾ നിയന്ത്രണവിധേയമായതായും ഫോറസ്റ്റ് ഫോഴ്സ് മേധാവി ധനഞ്ജയ് മോഹൻ പറഞ്ഞു. മരിച്ചവരിൽ നാലു പേരും നേപാളിൽനിന്നുള്ള തൊഴിലാളികളാണ്.

കാട്ടുതീയുമായി ബന്ധപ്പെട്ട് 17 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തു, ഇതിൽ 10 പേരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കാട്ടുതീയുമായി ബന്ധപ്പെട്ട് 288 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അൽമോരയിലെ ഗർഹ്വാൾ ഡിവിഷനിൽ തീ ഇപ്പോഴും ഉണ്ട്. കാട്ടുതീയുടെ കാര്യത്തിൽ ഒരുതരത്തിലുള്ള അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ലെന്നും ധനഞ്ജയ് മോഹൻ പറഞ്ഞു.

കാട്ടുതീ തടയുന്നതിനുള്ള നടപടികൾ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അവലോകനം ചെയ്തു. ജില്ലകളിലെത്തി കാട്ടുതീ നാശം വിതച്ച സ്ഥലങ്ങളിൽ ഫീൽഡ് പരിശോധന നടത്തണമെന്നും ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ഉത്തരാഖണ്ഡ് കാട്ടുതീയിൽ ഇന്നലെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സർക്കാർ പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചിരുന്നു. 2023 നവംബർ മുതൽ 398 കാട്ടുതീയാണ് ഉണ്ടായതെന്നും ഇവയെല്ലാം മനുഷ്യനിർമ്മിതമായിരുന്നെന്നും ഉത്തരാഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - 5 people dead in Uttarakhand forest fires, 1300 hectares affected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.