ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയർന്ന കോവിഡ് രോഗ സ്ഥിരീകരണവും മരണനിരക്കുമാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. 3,900 കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ രാജ്യത്ത് സ്ഥിരീകരിച്ചത്. 195 പേരുടെ മരണവും 24 മണിക്കൂറിനിടെയുണ്ടായി.
നിലവിൽ രോഗബാധിതരുടെ ആകെ എണ്ണം 46,711 ആണ്. 1,020ലേറെ പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുവരെ 13,160 പേർ രോഗമുക്തി നേടി. രാജ്യത്ത് കോവിഡ് 19 രോഗമുക്തി നിരക്ക് 27.41 ശതമാനമായതായും അദ്ദേഹം വ്യക്തമാക്കി.
1583 പേർക്കാണ് ഇവരെ ജീവൻ നഷ്ടമായത്. 31967 പേരാണ് ചികിൽസയിലുള്ളത്. ഇതിൽ 111 വിദേശികളും പെടും.
ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന മരണനിരക്കും ഏറ്റവും കൂടിയ രോഗബാധയുമാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രേഖപ്പെടുത്തിയത്. എങ്കിലും സമൂഹവ്യാപനത്തിന്റെ ഭീഷണി ഇല്ലെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യം ഇതുവരെയില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.
ചില സംസ്ഥാനങ്ങൾ രോഗം സ്ഥിരീകരിച്ച ആളുകളുടെ കണക്കുകൾ യഥാസമയത്ത് നൽകുന്നില്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ കണക്കുകൾ ഒരുമിച്ച് വരുമ്പോഴാണ് രോഗബാധയുടെയും മരണസംഖ്യയുടെയും കാര്യത്തിൽ ഉയർന്ന നിരക്ക് ഉണ്ടാവുന്നതെന്നും ലവ് അഗർവാൾ പറയുന്നു.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗികൾ - 14,541. ഗുജറാത്തിൽ 5,824 ഉം ഡൽഹിയിൽ 4,898 ഉം രോഗികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.