റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിൽ ഇ കോളി; ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സി.എ.ജി

ന്യൂഡൽഹി: രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരത്തിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ നടത്തിയ പരിശോധനയിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി പാർലമെന്റിൽ സമർപ്പിച്ച സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.

സി.എ.ജി പരിശോധിച്ച 512 നോൺ സബർബൻ റെയിൽവേ സ്റ്റേഷനുകളിൽ വിവിധ സ്റ്റേഷനുകളിലെ വാട്ടർ കൂളറുകളിൽ ഇ കോളി കണ്ടെത്തി. ദക്ഷിണ റെയിൽവേയിലെ (കോയമ്പത്തൂർ, പാലക്കാട് ജങ്ഷനുകൾ) രണ്ട് സ്റ്റേഷനുകളിലും, സൗത്ത് സെൻട്രൽ റെയിൽവേയിലെ (എസ്‌.സി.‌ആറിലെ) ഒരു സ്റ്റേഷനിലും (ഹൈദരാബാദ്), സെൻട്രൽ റെയിൽവേയിലെ (സി‌.ആർ‌) നാല് സ്റ്റേഷനുകളിലും (ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ഭിവണ്ടി റോഡ്, കല്യാൺ, ലോണാവാല), ഈസ്റ്റേൺ റെയിൽവേയിലെ ഒരു സ്റ്റേഷനിലും (മധുപൂർ) വാട്ടർ കൂളറിൽ നിന്നുള്ള വെള്ള സാമ്പിളിൽ ഇ കോളി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. അതേസമയം, 59 സ്റ്റേഷനുകളിൽ ബാക്ടീരിയ പരിശോധന നടത്തിയില്ലെന്നും സി.എ.ജി കണ്ടെത്തി.

2022 -23ൽ എട്ട് സോണുകളിലെ 49 സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമുകളിലെ ടാപ്പുകളിൽനിന്ന് ശേഖരിച്ച വെള്ളത്തിൽ ടോട്ടൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. 2023-24ൽ ഒമ്പത് സോണുകളിലെ 56 സ്റ്റേഷനുകളിലും സമാനമായ കണ്ടെത്തലുണ്ടായി. ഇതിൽ ഇ കോളിയും ഉൾപ്പെടും. കുടിവെള്ളത്തിലെ ക്ലോറിൻ അളവിലും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ചില സ്റ്റേഷനുകളിൽ നടത്തിയ പരിശോധനകളിൽ പകുതിയിലധികം സാമ്പിളുകളിലും ക്ലോറിൻ അളവ് അനുവദനീയ പരിധിയിലായിരുന്നില്ലെന്നും സി.എ.ജി ചൂണ്ടിക്കാട്ടി.

കുടിവെള്ളം മാത്രമല്ല, യാത്രക്കാർക്കുള്ള അടിസ്ഥാന സൗകര്യങ്ങളിലും വലിയ കുറവുകൾ ഓഡിറ്റിൽ കണ്ടെത്തി. പരിശോധിച്ച 512 സ്റ്റേഷനുകളിൽ 458 എണ്ണത്തിലും (89 ശതമാനത്തിലേറെ) നിർദേശിച്ച മിനിമം അടിസ്ഥാന സൗകര്യങ്ങൾ പൂർണമായി ലഭ്യമല്ലായിരുന്നു. കുടിവെള്ളം, ഇരിപ്പിടങ്ങൾ, ശുചിമുറികൾ, പ്ലാറ്റ്ഫോം ഷെൽട്ടറുകൾ, ഫാനുകൾ, വാട്ടർ കൂളറുകൾ, സൈൻബോർഡുകൾ, ക്ലോക്കുകൾ തുടങ്ങിയവയിലാണ് പ്രധാന കുറവുകൾ.

ന്യൂഡൽഹി, മുംബൈ സെൻട്രൽ, ഛത്രപതി ശിവജി മഹാരാജ് ടെർമിനസ്, ഹൗറ, സീൽദ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങളിൽ കുറവുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. രാജ്യത്തെ നോൺ സബർബൻ വിഭാഗത്തിലെ 5908 റെയിൽവേ സ്റ്റേഷനുകളെയാണ് റിപ്പോർട്ട് പരിഗണിച്ചത്. 2023-24ൽ ഇവിടങ്ങളിൽ പ്രതിദിനം 7424ലേറെ പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തിയെന്നും ഏകദേശം 292.4 കോടി യാത്രക്കാർ ഈ സ്റ്റേഷനുകളെ ആശ്രയിച്ചെന്നും സി.എ.ജി വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിർദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ലെന്നും സി.എ.ജി കണ്ടെത്തി. ഓഡിറ്റിന് വിധേയമാക്കിയ 512 സ്റ്റേഷനുകളിലും യൂണിഫോം ഡ്രിങ്കിങ് വാട്ടർ ക്വാളിറ്റി പ്രോട്ടോക്കോൾ പ്രകാരമുള്ള മുഴുവൻ പരിശോധനകളും നടത്തിയിരുന്നില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിലുള്ള പരിശോധനാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് സി.എ.ജി റെയിൽവേയോട് നിർദേശിച്ചു. ജലവിതരണ സംവിധാനങ്ങളുടെ പരിശോധനയും എല്ലാ നിർബന്ധിത മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയുള്ള കുടിവെള്ള പരിശോധനയും കൃത്യമായി നടത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.

Tags:    
News Summary - CAG Flags E Coli in Drinking Water at Railway Stations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.