ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന വംശഹത്യയിൽ സ്വതന്ത്ര അന്വേഷണം നടത്താൻ നാല് റിട്ട. ജഡ്ജിമാർ, രണ്ട് റിട്ട. ഉന്നതോദ്യോഗസ്ഥർ എന്നിവരടങ്ങിയ വിദഗ്ധ സംഘത്തെ മുൻ സിവിൽ സർവിസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഭരണഘടനാ പെരുമാറ്റ സമിതി (സി.സി.ജി) ചുമതലപ്പെടുത്തി. വംശഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും ശേഷമുള്ള സാഹചര്യങ്ങളെ കുറിച്ചും സമിതി വിശദമായ അന്വേഷണം നടത്തും. ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന വിമർശനങ്ങൾക്കിടെയാണ് സ്വതന്ത്രമായി അന്വേഷണത്തിന് വിദഗ്ധ സമിതിയെ സി.സി.ജി നിയോഗിച്ചത്.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മദൻ ലോകുർ, ഡൽഹി, മദ്രാസ് ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, മുൻ ഡൽഹി ഹൈക്കോടതി ജഡ്ജി ആർ.എസ്. സോധി, മുൻ പാട്ന ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അജ്ഞന പ്രകാശ് എന്നിവരാണ് സംഘത്തിലെ റിട്ട. ജഡ്ജിമാർ. ഇവരെ കൂടാതെ മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള, പൊലീസ് റിസർച്ച് ആൻഡ് ഡെവലെപ്മെന്‍റ് മുൻ ഡയറക്ടർ ജനറൽ മീരാൻ ചന്ദ ബൊർവാങ്കർ എന്നിവരാണ് സമിതിയിലുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കെതിരായ ആക്രമണമാണ് പിന്നീട് വംശഹത്യയിലേക്ക് നയിച്ചത്. വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന വംശഹത്യയിൽ 53 പേരാണ് കൊല്ലപ്പെട്ടത്. ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് ഉൾപ്പെടെയുള്ള നിരവധി പേരെ ഡൽഹി പൊലീസ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
കലാപത്തിന് മുമ്പും ശേഷവുമുള്ള സംഭവങ്ങളെക്കുറിച്ച് സമിതി വിശദമായി പഠിക്കും. അക്രമങ്ങൾ തടയുന്നതിലും കൈകാര്യം ചെയ്യുന്നതിലും ഭരണകൂടത്തിന് വീഴ്ചയുണ്ടായോ, കലാപം അന്വേഷിക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയോ, കലാപത്തിനു മുമ്പും ശേഷവും സമൂഹമാധ്യമങ്ങളുടെ പങ്കും സ്വാധീനവും, ഇരകൾക്ക് ദുരിതാശ്വാസം നൽകുന്ന സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയവയിൽ റിപ്പോർട്ട് തയാറാക്കും.
കലാപത്തിന്‍റെ ഭീകരത, അക്രമത്തിന്‍റെ തോത്, മരണങ്ങൾ, സാമുദായിക വിഭജനം എന്നിവ കണക്കിലെടുത്താണ് പാനൽ രൂപീകരിച്ചിരിക്കുന്നതെന്ന് ഭരണഘടനാ പെരുമാറ്റ സമിതി (സി.സി.ജി) പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.