പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാന സർക്കാർ സേവനങ്ങളിലെ എല്ലാ വിഭാഗങ്ങളിലേക്കും നേരിട്ടുള്ള നിയമനങ്ങളിൽ സ്ത്രീകൾക്ക് 35 ശതമാനം സംവരണം ഏർപ്പെടുത്തും എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രഖ്യാപനം. എന്നാൽ ബിഹാറിലെ സ്ഥിര താമസക്കാരായ വനിതകൾക്ക് മാത്രമേ ഈ സംവരണത്തിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ.
പട്നയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
സർക്കാർ മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് സർക്കാർ പറയുന്നത്. കൂടുതൽ സ്ത്രീകൾ തൊഴിലുകൾ ചെയ്യുകയും സംസ്ഥാനത്തിന്റെ ഭരണത്തിലും ഭരണ നിർവഹണത്തിലും വലിയ പങ്ക് വഹിക്കുകയും ചെയ്യണമെന്നാണ് ഇതിനു പിന്നിലുള്ള ലക്ഷ്യമെന്നും നിതീഷ് കുമാർ വ്യക്തമാക്കി.
മന്ത്രിസഭ അംഗീകരിച്ച പുതിയ ബിഹാർ യൂത്ത് കമീഷന്റെ രൂപീകരണവും നിതീഷ് കുമാർ പ്രഖ്യാപിച്ചു. ബിഹാറിലെ യുവാക്കളെ സ്വാശ്രയരും വൈദഗ്ധ്യമുള്ളവരും തൊഴിൽ സജ്ജരുമാക്കുകയും വരും തലമുറകൾക്ക് സുരക്ഷിതമായ ഭാവി ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. സംസ്ഥാനത്തെ യുവാക്കളുടെ ഉന്നമനവും ക്ഷേമവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ബിഹാർ യുവജന കമീഷൻ സർക്കാരിനെ ഉപദേശിക്കുമെന്നും നിതീഷ് കുമാർ വ്യക്തമാക്കി. യുവാക്കൾക്ക് മികച്ച വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ഉറപ്പാക്കുന്നതിന് സർക്കാർ വകുപ്പുകളുമായി കമീഷന്റെ പ്രവർത്തനം ഏകോപിപ്പിക്കും.
കമീഷന് ഒരു ചെയർപേഴ്‌സൺ, രണ്ട് വൈസ് ചെയർപേഴ്‌സൺമാർ, 45 വയസിന് താഴെയുള്ള ഏഴ് അംഗങ്ങൾ എന്നിവർ ഉണ്ടായിരിക്കും. കമീഷൻ സംസ്ഥാനത്തിന് പുറത്ത് പഠിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്ന ബിഹാറിൽ നിന്നുള്ള വിദ്യാർഥികളുടെയും തൊഴിലാളികളുടെയും താൽപര്യങ്ങൾ സംരക്ഷിക്കും. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ ജോലികളിൽ ബിഹാർ സ്വദേശികളായ യുവാക്കൾക്ക് മുൻഗണന ലഭിക്കുന്നുണ്ടോ എന്നതും പരിശോധിക്കും. മദ്യം, ലഹരിവസ്തുക്കളുടെ ദുരുപയോഗം തുടങ്ങിയ സാമൂഹിക തിന്മകൾ തടയുന്നതിനുള്ള പരിപാടികൾ തയ്യാറാക്കുക എന്നതും കമീഷന്റെ ചുമതലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.