ഒരു മാസത്തിനിടെ യു.കെയിൽ നിന്നെത്തിയത് 33,000 പേർ; പുതിയ വൈറസിനെ ഇന്ത്യ ഭയക്കേണ്ടതുണ്ടോ?

ന്യൂഡൽഹി: കോവിഡ് 19ന് കാരണമായ കൊറോണ വൈറസിന്‍റെ ജനിതകമാറ്റം വന്ന വകഭേദം റിപ്പോർട്ട് ചെയ്തതിന് ശേഷം യു.കെയിൽ നിന്ന് ഇന്ത്യയിലെത്തിയത് 33,000 യാത്രക്കാർ. നവംബർ 24 മുതൽ ഡിസംബർ 23 വരെയുള്ള കണക്കാണിത്. യു.കെയിൽ നിന്നുള്ള വിമാനങ്ങൾ ഇതിന് പിന്നാലെ ഇന്ത്യ റദ്ദാക്കിയിരുന്നു. 70 ശതമാനം വ്യാപനശേഷി കൂടിയ വൈറസാണ് യു.കെയിൽ കണ്ടെത്തിയിരുന്നത്. ഇതേത്തുടർന്ന്, യു.കെയിലെ പല നഗരങ്ങളിലും വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. നിരവധി രാജ്യങ്ങൾ വിമാനങ്ങൾ വിലക്കുകയും ചെയ്തു.

യു.കെയിൽ നിന്ന് ഇന്ത്യയിൽ എത്തിയവരിൽ 120 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ 20 പേരെയും ബാധിച്ചത് ജനിതകമാറ്റം വന്ന പുതിയ വൈറസാണെന്നും കണ്ടെത്തി. യു.കെയിൽ നിന്നെത്തി രോഗബാധിതരായ മുഴുവൻ പേരുടെയും വിദഗ്ധ സാംപിൾ പരിശോധന നടത്തിയിരുന്നു.

യു.കെയിൽ നിന്ന് ഒരു മാസത്തിനിടെ മടങ്ങിയ 33,000 പേരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. ഓരോരുത്തരെയും കണ്ടെത്താൻ കേന്ദ്രം സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. പുതിയ വൈറസ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ള മുഴുവനാളുകളെയും കണ്ടെത്തി ക്വാറന്‍റീനിൽ നിർത്താനുള്ള തീവ്രശ്രമവും തുടരുകയാണ്.

അതേസമയം, യു.കെയിൽ നിന്നെത്തിയ എല്ലാ യാത്രക്കാരും സർക്കാർ നിർദേശങ്ങളുമായി സഹകരിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. കർണാടക, തമിഴ്നാട്, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഇത്തരമൊരു പ്രതിസന്ധി. കർണാടകയിൽ 2,400 യാത്രക്കാർ ഉള്ളതിൽ 570 പേരെ കണ്ടെത്താനായിട്ടില്ലെന്ന് മന്ത്രി കെ. സുധാകർ വ്യക്തമാക്കിയിരുന്നു.

ബംഗളൂരുവിൽ 1614 പേരാണ് യു.കെയിൽ നിന്ന് തിരിച്ചെത്തിയത്. ഇതിൽ 26 പേർ പോസിറ്റീവാണ്. ഇവരിൽ മൂന്ന് പേർക്ക് ജനിതകമാറ്റം വന്ന വൈറസാണ് ബാധിച്ചത്.

തെലങ്കാനയിൽ 275 യാത്രക്കാരെ ഇനിയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. 1,100ഓളം പേരാണ് ഇവിടെ യു.കെയിൽ നിന്ന് തിരിച്ചെത്തിയത്.

സർക്കാർ നടപടികളെ കുറിച്ചുള്ള ആശങ്കകളാണ് തിരിച്ചെത്തിയ പലരും ഇക്കാര്യം അധികൃതരോട് റിപ്പോർട്ട് ചെയ്യാത്തതിന് പിന്നിൽ. കോവിഡ് സെന്‍ററുകളിൽ കഴിയേണ്ടിവരുമോ, സമൂഹം സംശയത്തോടെ കാണുമോ തുടങ്ങിയ ആശങ്കകളും ഇവർക്കുണ്ട്.

ഒരു മാസത്തിനിടെ യു.കെയിൽ നിന്ന് തിരിച്ചെത്തിയവരിൽ അഞ്ചിൽ താഴെ ശതമാനം പേർ മാത്രമാണ് കോവിഡ് ബാധിതരായിട്ടുള്ളത്. ജനിതക മാറ്റം വന്ന വൈറസ് ബാധിച്ചവരുടെ എണ്ണം ഇതിലുമേറെ കുറവാണ്. എന്നാൽ, എല്ലാവരെയും പരിശോധിക്കാനും വൈറസ് ബാധിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരെ മുഴുവനായി കണ്ടെത്താനും കഴിയാത്തത് വെല്ലുവിളിയാണ്. 3000ത്തോളം പേരെ ഇനിയും കണ്ടെത്തി ടെസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. ഇക്കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. 

Tags:    
News Summary - 33000 arrived from UK in a month. Should India be worried?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.