ടിക്കറ്റ് കൺഫോം ആയില്ല; ഒരു വർഷത്തിനിടെ യാത്ര മുടങ്ങിയത് 3 കോടിയിലധികം റെയിൽവേ യാത്രികർക്ക്

ഭോപ്പാൽ: ടിക്കറ്റ് കൺഫോം ആകാത്തതുമൂലം 2024-25 സാമ്പത്തിക വർഷം രാജ്യത്ത് യാത്ര തസ്സപ്പെട്ടത് 3.27 കോടി റെയിൽ യാത്രികർക്കെന്ന് റിപ്പോർട്ട്. അന്തിമ ചാർട്ട് തയാറാക്കപ്പെടുന്ന സമയത്ത് പോലും ഇവരുടെ ടിക്കറ്റുകൾ കൺഫോം അല്ലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. 2023-24 കാലയളവിലും ഇതേ കാരണത്താൽ 2.96 കോടി പേർക്ക് യാത്ര ചെയ്യാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022-23ൽ ഇത് 2.72 കോടിയായിരുന്നു. 2021ൽ 1.65 കോടിയും. ഈ വാർഷിക വർധനവ്, ആധുനികവത്കരണവും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കുന്നുണ്ടെങ്കിലും യാത്രികരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇന്ത്യൻ റെയിൽവേ പാടുപെടുകയാണെന്നതിന്‍റെ തെളിവാണ്.

മധ്യപ്രദേശിൽ നിന്നുള്ള സാമൂഹ്യപ്രവർത്തകനു ലഭിച്ച വിവരാകാശ റിപ്പോർട്ടിൽ നിന്നാണ് കണക്കുകൾ പുറത്തുവന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ രാജ്യത്തെ റെയിൽവേ യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ചെങ്കിലും അതിനാനുപാതികമായി ട്രെയിനിൽ സീറ്റുകൾ വർധിപ്പിച്ചിട്ടില്ല എന്നത് ആശങ്കാജനകമാണ്.

ടിക്കറ്റ് ബുക്കിങ് സംവിധാനം സുതാര്യമാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ ഐ.ആർ.ടി.സി തകൃതിയായി നടത്തി വരുന്നുണ്ട്. ബുക്കിങ്ങിലെ തകരാറുകൾ പരിഹരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾക്കിടെ 2.5 കോടി വ്യാജ ഐ.ഡികളാണ് ഐ.ആർ.ടി.സി കണ്ടെത്തിയത്. . ഈയിടക്ക് ട്രെയിൻ പുറപ്പെടുന്നതിന് 24മണിക്കൂർ മുമ്പ് ബുക്കിങ് സ്റ്റാറ്റസ് അറിയുന്നിതിനുള്ള സംവിധാനവും റെയിൽവേ അവതരിപ്പിച്ചിരുന്നു. ഇത്രയൊക്കെ നടപടികൾ സ്വീകരിച്ചിട്ടും കൺഫോം ടിക്കറ്റ് ലഭ്യതയിൽ ഇപ്പോഴും കടുത്ത പ്രതിസന്ധിയാണുള്ളത്.

Tags:    
News Summary - 3.27 Crore railway Passengers Couldn't Travel Due To Unconfirmed ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.