‘മണിപ്പൂരിൽ ക്രൈസ്തവ ദേവാലയങ്ങൾ തീയിട്ടതും ഉത്തരകാശിയിൽ മുസ്‌ലിംകളെ ഓടിച്ചതും വിവേചനമല്ലേ‍?’; മോദിക്കെതിരെ ഉവൈസി

ഹൈദരാബാദ്: ഇന്ത്യയിൽ ന്യൂനപക്ഷ വിവേചനമില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ നടത്തിയ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി എം.പി. മണിപ്പൂരിൽ 300 ക്രൈസ്തവ ദേവാലയങ്ങൾ തീയിട്ടതും ഉത്തരകാശിയിൽ നിന്ന് ഭീഷണിപ്പെടുത്തി മുസ്‌ലിംകളെ ഓടിച്ചതും വിവേചനമല്ലേ എന്നും ഉവൈസി ചോദിച്ചു. വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) അടക്കം മറ്റ് വിഷയങ്ങളും മോദി സർക്കാറിന്‍റെ ന്യൂനപക്ഷ വിവേചനത്തിന് ഉദാഹരണമായി ഉവൈസി ചൂണ്ടിക്കാട്ടി.

''മണിപ്പൂരിൽ മുന്നൂറ് പള്ളികൾ കത്തിച്ചു, അതൊരു വിവേചനമല്ലേ?. മതത്തിന്റെ അടിസ്ഥാനത്തിൽ സി.എ.എ ഉണ്ടാക്കിയ മോദി സർക്കാർ, മൗലാന ആസാദ് ഫെലോഷിപ്പ് സ്കീം (മുസ് ലിം, സിഖ്, പാഴ്സി, ബുദ്ധ, ക്രിസ്ത്യൻ, ജൈന ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായി യു.ജി.സി നടപ്പാക്കിയത്) റദ്ദാക്കി... ഈ നടപടികളെല്ലാം വിവേചനത്തിന്‍റെ അടയാളമാണ്.''- ഉവൈസി ചൂണ്ടിക്കാട്ടി.

ഒമ്പത് വർഷത്തെ ഭരണത്തിനിടെ ആദ്യമായി മാധ്യമപ്രവർത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് പ്രധാനമന്ത്രി മറുപടി നൽകിയെന്നും ഉവൈസി പറഞ്ഞു.

യു.എസ് സന്ദർശനത്തിനിടെ പ്രസിഡന്‍റ് ജോ ബൈഡനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മാധ്യമപ്രവർത്തക പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഇന്ത്യയിലെ ന്യൂനപക്ഷ വിവേചനത്തെ കുറിച്ചുള്ള ചോദ്യം ഉന്നയിച്ചത്. ലോകത്തിലെ ഏറ്റവും ശക്തമായ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ വിവേചനം നേരിടുന്നുവെന്നും എതിരാളികൾ നിശബ്ദരാക്കപ്പെടുന്നുവെന്നും പരാതി ഉയരുന്നല്ലോ എന്നായിരുന്നു ചോദ്യം. ഒരു വിവേചനവുമില്ലെന്നും ഇന്ത്യയിൽ അതിന് സ്ഥാനമില്ലെന്നുമാണ് മോദി മറുപടി നൽകിയത്.

മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു. മോദിയുടെ മറുപടി ദുർബലമാണെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനധെ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ഉത്തരം ശരിയായില്ല. ഇത്രയും ജനങ്ങളുടെ പ്രധാനമന്ത്രി അമേരിക്കയിൽ എന്തുകൊണ്ടാണ് ദുർബലമായ ഉത്തരം നൽകിയതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ഗാന്ധിയുടെ സത്യാഗ്രഹവും രാജധർമ്മവും പിന്തുടർന്നിരുന്നെങ്കിൽ മോദിയുടെ 'ഗർജനം' ആഗോള വേദിയിൽ മുഴങ്ങുമായിരുന്നു. തന്റെ രാജ്യത്തെ ന്യൂനപക്ഷ സമുദായത്തിന്റെ സംരക്ഷണത്തെ കുറിച്ച് നെഞ്ചിടിപ്പോടെ പ്രധാനമന്ത്രി പ്രതികരിക്കുമായിരുന്നു.-സുപ്രിയ ചൂണ്ടിക്കാട്ടി.

Tags:    
News Summary - '300 Churches Burnt, No Muslim Min In Cabinet': Owaisi to narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.