ബി.ജെ.പിയുടെ മൂന്ന് വിദ്വേഷ പോസ്റ്റുകൾ നീക്കി ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് കമീഷൻ

റായ്പൂർ: ഛത്തീസ്ഗഡ് ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രചരിപ്പിച്ച മൂന്ന് വിദ്വേഷ പോസ്റ്റുകൾ നീക്കി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശത്തെ തുടർന്നാണ് പോസ്റ്റുകൾ നീക്കേണ്ടിവന്നത്. ഭാവിയിൽ ഇത്തരം പോസ്റ്റുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പിക്ക് കർശന മുന്നറിയിപ്പ് നൽകിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ റീന കങ്കാലെ പറഞ്ഞു.

മേയ് 15ന് പോസ്റ്റ് ചെയ്ത വിഡിയോയാണ് നീക്കിയതിലൊന്ന്. പച്ച വസ്ത്രവും തൊപ്പിയും ധരിച്ച ഒരാൾ ഒരു സ്ത്രീയെ കൊള്ളയടിക്കുന്നതാണ് വിഡിയോ. സ്ത്രീ സഹായത്തിനായി നിലവിളിക്കുമ്പോൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഒരു കാരിക്കേച്ചർ രൂപം പറന്നെത്തുകയും സ്ത്രീയുടെ പഴ്സ് എടുത്ത് അക്രമിക്ക് നൽകുകയും ചെയ്യും.

രണ്ടാമതായി നീക്കിയ പോസ്റ്റും രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ടതാണ്. രാഹുൽ ഗാന്ധി ഒരു സ്ത്രീയുടെ കെട്ടുതാലി പൊട്ടിച്ചെടുത്ത് മറ്റൊരാൾക്ക് നൽകുന്ന ഫോട്ടോയാണ് ബി.ജെ.പി പോസ്റ്റ് ചെയ്തത്. മൂന്നാമത്തേത്, ബി.ജെ.പി കർണാടക ഘടകം നേരത്തെ പോസ്റ്റ് ചെയ്ത വിഡിയോയാണ്. ഒരു കൂട്ടിൽ മുസ്ലിം, എസ്.സി, എസ്.ടി, ഒ.ബി.സി എന്നെഴുതിയ മുട്ടകൾ വെക്കുകയാണ് രാഹുൽ ഗാന്ധി. മുസ്ലിം എന്നെഴുതിയത് വലിയ മുട്ടയും മറ്റുള്ളവ ചെറുതുമാണ്. 'മുസ്ലിം' മുട്ട വലുതാവുകയും മറ്റുള്ളവയെ തള്ളിവീഴ്ത്തുന്നതുമാണ് വിഡിയോ.

ബി.ജെ.പിക്ക് വാക്കാൽ നിർദേശം നൽകിയ പിന്നാലെയാണ് പോസ്റ്റുകൾ നീക്കിയത്. ഇൻസ്റ്റഗ്രാമിന്‍റെ പേരന്‍റ് കമ്പനിയായ മെറ്റയെയും തെരഞ്ഞെടുപ്പ് കമീഷൻ ബന്ധപ്പെട്ടിരുന്നു. എന്നാൽ, വിഡിയോകളിൽ യാതൊരു കുഴപ്പവുമുണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശപ്രകാരമാണ് നീക്കിയതെന്നും ബി.ജെ.പി പ്രതികരിച്ചു.

Tags:    
News Summary - 3 ‘communal’ posts by BJP taken down in Chhattisgarh after EC rap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.