തായ്‍ലൻഡിൽ നിന്ന് വ്യോമസേന വിമാനത്തിൽ കയറുന്ന ഇന്ത്യൻ പൗരന്മാർ

മ്യാൻമറിൽ സൈബർ തട്ടിപ്പിൽ കുടുങ്ങിയ മലയാളികളടക്കം 270 ഇന്ത്യക്കാരെ തിരികെ എത്തിച്ചു

ന്യൂഡൽഹി: മ്യാൻമറിൽ സൈബർ തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിച്ചു. രണ്ട് മലയാളികളും 26 സ്ത്രീകളും അടക്കം 270 പേരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനങ്ങളിൽ ഡൽഹിയിലെത്തിച്ചത്.

തായ്‌ലൻഡിലെ മേ സോട്ടിൽ നിന്നാണ് സംഘം യാത്ര പുറപ്പെട്ടത്. തിരികെ എത്തിച്ചവരിൽ നിന്ന് സൈബർ തട്ടിപ്പിന്‍റെ വിശദാംശങ്ങൾ കേന്ദ്ര ഏജൻസികൾ ശേഖരിക്കും. വിവരം ശേഖരിച്ച ശേഷമെ ഇവരെ നാട്ടിലേക്ക് മടങ്ങൂ. നേരത്തെ, സൈബർ തട്ടിപ്പിൽ അകപ്പെട്ട ഏഴ് മലയാളികൾ തിരികെ എത്തിയിരുന്നു.


കുപ്രസിദ്ധമായ സൈബർ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്ന മ്യാൻമറിലെ കെ.കെ. പാർക്കിലെ സൈബർ കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്.

അന്താരാഷ്ട്ര സമ്മർദത്തിന്‍റെ ഫലമായി മ്യാൻമർ സൈന്യം സൈബർ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്ന കെ.കെ. പാർക്കിൽ വ്യാപക റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിന് പിന്നാലെ മ്യാവഡിയിൽ നിന്ന് രക്ഷപ്പെട്ടവർ അതിർത്തിയിലെ നദികടന്ന് തായ്‍ലൻഡിൽ എത്തി. ഇമിഗ്രേഷൻ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി എത്തിയവരെ തായ്‍ ഭരണകൂടം കസ്റ്റഡിയിലെടുത്ത് ക്യാമ്പിലേക്ക് മാറ്റി.


തായ്‍ലൻഡിന്‍റെ പിടിയിൽ നാനൂറോളം പൗരന്മാർ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിരികെ എത്തിക്കാനുള്ള നടപടി നയതന്ത്രതലത്തിൽ ആരംഭിച്ചത്. തുടർന്ന് വ്യോമസേനയുടെ പ്രത്യേക വിമാനം തായ്‍ലൻഡിലേക്ക് അയച്ച് പൗരന്മാരെ തിരികെ എത്തിച്ചത്.


വിദേശത്ത് വാഗ്ദാനം ചെയ്യുന്ന തൊഴിലുകൾ സ്വീകരിക്കുന്നതിന് മുമ്പ് തൊഴിലുടമകളെയും റിക്രൂട്ടിങ് ഏജന്‍റുമാരെയും കമ്പനികളെയും കുറിച്ച് വിശദമായി പരിശോധിക്കണമെന്ന് തിരികെ എത്തിയവർ പറയുന്നു. തായ്‍ലൻഡിലേക്കുള്ള ഫ്രീ വിസാ പ്രവേശനം വിനോദ സഞ്ചാരത്തിനും ഹ്രസ്വകാല ബിസിനസ് ആവശ്യങ്ങൾക്കും വേണ്ടി മാത്രമുള്ളതാണ്. ഇത്തരം ഫ്രീ വിസാ സംവിധാനം തായ്‍ലൻഡിൽ ജോലി ചെയ്യാനായി ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്. 

Tags:    
News Summary - 270 Indians, including Malayalis, trapped in cyber fraud in Myanmar brought back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.