ന്യൂഡൽഹി: ഇന്ത്യക്കാർക്ക് യു.എസ് സ്റ്റുഡന്റ് വിസ അനുവദിക്കുന്നതിൽ കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അനുവദിച്ച സ്റ്റുഡന്റ് വിസകളുടെ എണ്ണത്തിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മാർച്ച് മുതൽ മേയ് വരെ നൽകിയ എഫ്-1 വിസകളുടെ എണ്ണം കോവിഡിനു ശേഷമുള്ള ഈ മാസങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തുകയും ചെയ്തു. ഫാൾ സെമസ്റ്ററിൽ (ആഗസ്റ്റ്/ സെപ്റ്റംബർ) പഠനം ആരംഭിക്കാൻ തയാറെടുക്കുന്ന വിദ്യാർഥികൾക്ക് മാർച്ച് മുതൽ ജൂലൈ വരെയുള്ള മാസങ്ങൾ സാധാരണയായി തിരക്കേറിയ സമയമാണ്. ഈ സമയത്താണ് കൂടുതൽ വിസ അനുവദിക്കാറുള്ളത്. എന്നാൽ, ഈ വർഷം മാർച്ച് മുതൽ മേയ് വരെ, ഇന്ത്യൻ വിദ്യാർഥികൾക്ക് 9,906 എഫ്-1 (അക്കാദമിക്) വിസകളാണ് നൽകിയത്. 2023ൽ ഇതേ കാലയളവിൽ 14,987 എഫ്-1 വിസകളും 2024ൽ 13,478 വിസകളും നൽകിയിരുന്നു.
അപേക്ഷകരുടെ സമൂഹ മാധ്യമ പ്രവർത്തനങ്ങളുടെ കർശനമായ പരിശോധന ഉൾപ്പെടെ അന്താരാഷ്ട്ര വിദ്യാർഥികൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ നടപടികളുടെ പശ്ചാത്തലത്തിലാണ് ഈ കുറവെന്ന് റിപ്പോർട്ടുകളുണ്ട്. ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് നിരവധി വിദ്യാർഥികളുടെ വിസ റദ്ദാക്കിയിട്ടുണ്ട്. ഷെഡ്യൂളിങ് നയങ്ങൾ ലംഘിച്ച ഏകദേശം 2,000 വിസ അപ്പോയിൻമെന്റുകൾ അടുത്തിടെ ഇന്ത്യയിലെ യു.എസ് എംബസി റദ്ദാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.