ലഖ്നോ: മൂകനും ബധിരനുമായ 51കാരനായ ജിലജിത് സിങ് മൗര്യ 26 വർഷം മുമ്പാണ് ഒരു ഉത്സവപ്പറമ്പിൽ വെച്ച് തന്‍റെ കുടുംബവുമായി വേർപിരിയുന്നത്. ഉത്സവത്തിനിടെ ജിലജിത്തിനെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ എല്ലായിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. വർഷങ്ങൾ കഴിഞ്ഞതോടെ ജിലജിത്ത് ഇനി തിരിച്ചുവരില്ലെന്ന് ബന്ധുക്കൾ കരുതി. എന്നാൽ, കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാൾ അപ്രതീക്ഷിതമായി കണ്ട ഒരു ഫേസ്ബുക് പോസ്റ്റ് 26 വർഷത്തിനുശേഷമുള്ള പുനസമാഗമത്തിന് വഴിയൊരുക്കി. അതിന് കാരണമായതോ, കൈയിലെ ഒരു പച്ചകുത്തും.
അസംഗഢിലെ ഗോതാൻ ഗ്രാമത്തിലെ ഒരു കാർഷിക കുടുംബത്തിലായിരുന്നു ജിലജിത് സിങ്. മൂകനും ബധിരനുമായ ജിലജിതിനെ 1996 ജൂൺ ഒന്നിന് ഉത്സവപ്പറമ്പിൽ കാണാതാവുകയായിരുന്നു. 35 വയസായിരുന്നു അപ്പോൾ പ്രായം. മറ്റുള്ളവരെ കാര്യം ധരിപ്പിക്കാനുള്ള മാനസിക ശേഷി ജിലജിത്തിനുണ്ടായിരുന്നില്ല. അതിനാൽ എന്നെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷ കുടുംബത്തിന് നഷ്ടമായി.
ജിലജിതിന്‍റെ മരുമകനായ ചന്ദ്രശേഖരന് കഴിഞ്ഞ ദിവസം വാട്സപ്പിൽ ഒരു ഫോട്ടോ ലഭിച്ചു. മറ്റൊരാൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയായിരുന്നു അത്. പച്ച കുത്തിയ ഒരു കൈയുടെ ചിത്രം -അത് ജിലജിതിന്‍റെയായിരുന്നു.
അസംഗഢിൽ നിന്ന് 260 കി.മീ അകലെയുള്ള ഹത്വ ഗ്രാമത്തിൽ ഒരു വയോധികൻ അലഞ്ഞുനടന്നിരുന്നു. ഇത് ഗ്രാമമുഖ്യനായ ദിലീപ് സിങ്ങിന്‍റെ ശ്രദ്ധയിൽപെട്ടു. സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്ത ആളെ തിരിച്ചറിയാനായി ഉണ്ടായിരുന്നത് കൈയിലെ പച്ചകുത്തായിരുന്നു. മൂകനും ബധിരനുമായതിനാൽ ജിൽജിതിന്‍റെ മാതാപിതാക്കൾ മകന്‍റെ പേരും വിലാസവും ചെറുപ്പത്തിലേ കൈയിൽ പച്ചകുത്തിയിരുന്നു. എന്നാൽ, കാലക്രമേണ പേര് മാഞ്ഞുപോയെങ്കിലും 'മൗര്യ' എന്നതും അസംഗഢ് എന്നതും ബാക്കിയുണ്ടായിരുന്നു.
ദിലീപ് സിങ് ഈ ടാറ്റൂവിന്‍റെ ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത് പല വഴി കറങ്ങി, ജിലജിതിന്‍റെ അനന്തരവൻ ചന്ദ്രശേഖറിന്‍റെ കൈയിലെത്തുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ ദിലീപ് സിങ്ങുമായി ബന്ധപ്പെടുകയും കഴിഞ്ഞ ചൊവ്വാഴ്ച ജിലജിതിനെ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു.
വലിയ ആഘോഷത്തോടെയാണ് ഗ്രാമം ജിലജിതിനെ വരവേറ്റത്. അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ മധുരം വിതരണം ചെയ്ത് സന്തോഷം പങ്കുവെച്ചു. എന്നാൽ, സംസാരിക്കാനാവാത്തതിനാൽ ഇത്രയും കാലം താൻ അനുഭവിച്ച വേദനയും പ്രയാസങ്ങളും ജിലജിതിന് ആരോടും പങ്കുവെക്കാൻ മാത്രം സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.