വാഹനാപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ; നേരത്തേ നൽകിയിരുന്നത് 5000 രൂപ

ന്യൂഡൽഹി: വാഹനാപകടത്തിൽപെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ 25000 രൂപ പാരിതോഷികം നൽകുമെന്ന് കേന്ദ്രസർക്കാർ. നിലവിൽ 5000 രൂപയാണ് നൽകിയിരുന്നത്.

പുണെയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. നടൻ അനുപം ഖേറുമായി റോഡ് സുരക്ഷ സംബന്ധിച്ച വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിതോഷിക തുക വർധിപ്പിക്കാൻ റോഡ് ഗതാഗത മന്ത്രാലയത്തിന് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.

റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലോ ട്രോമാ സെൻററിലോ കൊണ്ടുപോകുന്ന ഒരാൾക്ക് നിലവിലെ തുക വളരെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. റോഡപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത വളരെ ഉയർന്നതാണ്. 2021 ഒക്‌ടോബർ മുതലാണ് കേന്ദ്ര സർക്കാർ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചാൽ പാരിതോഷികം നൽകുന്നത് ആരംഭിച്ചത്. നിലവിലെ പദ്ധതി പ്രകാരം അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകക്കൊപ്പം അംഗീകാര സർട്ടിഫിക്കറ്റും നൽകും.

സമ്മാനത്തുക യഥാർത്ഥ വ്യക്തികൾക്കാണെന്ന് ഉറപ്പാക്കാൻ മൾട്ടി ലെവൽ വെരിഫിക്കേഷൻ പ്രക്രിയയുണ്ട്. ദിവസങ്ങൾക്ക് മുമ്പ് നിതിൻ ഗഡ്കരി ‘കാഷ്‌ലെസ് ട്രീറ്റ്‌മെന്റ്’ പദ്ധതി പ്രഖ്യാപിച്ചിരുന്നു, ഇതനുസരിച്ച് റോഡപകടത്തിൽപ്പെട്ടവരുടെ ഏഴു ദിവസത്തെ ചികിത്സക്കായി 1.5 ലക്ഷം രൂപ വരെ സർക്കാർ വഹിക്കും. റോഡ് സുരക്ഷയാണ് സർക്കാറിന്റെ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - 25,000 rupees if the person involved in a car accident is taken to the hospital; 5000 was paid earlier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.