വിശ്വാസത്തിന്‍റെ പേരിൽ ജനങ്ങളെ വഞ്ചിക്കുന്നു, ഉത്തരാഖണ്ഡിൽ 23 വ്യാജ സന്യാസിമാർ അറസ്റ്റിൽ

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ദാമി ഉത്തരവിട്ട സംസ്ഥാന വ്യാപക ഓപ്പറേഷന്‍ കാലനേമിയുടെ ഭാഗമായാണ് അറസ്റ്റ്. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ വഞ്ചിക്കുന്നവരെന്ന് കണ്ടെത്തിയാണ് ഇവരെ പിടികൂടിയത്.

ശനിയാഴ്ച മാത്രം ഡെറാഡൂണിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നുമാണ് വ്യാജന്മാരെ പിടികൂടിയതെന്ന് സീനിയര്‍ പൊലീസ് സൂപ്രണ്ട് അജയ് സിംങ് പറഞ്ഞു. അറസ്റ്റിലായവരില്‍ പത്ത് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാർ പ്രവർത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.

ബംഗ്ലാദേശിലെ തൻഗൈൽ ജില്ലയിൽ നിന്നുള്ള 26 വയസുള്ള ബംഗ്ലാദേശി പൗരനെതിരെ വിദേശ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

മറ്റ് പ്രതികൾ ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, അസം എന്നിങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

സംശയാസ്പദമായ രീതിയിൽ സന്യാസികളെ കാണുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഡെറാഡൂൺ പോലീസ് അഭ്യർഥിച്ചിട്ടുണ്ട്. മതപരമായ ചൂഷണം തടയുന്നതിനും പൊതുസുരക്ഷക്കുമായി വരും ദിവസങ്ങളിലും ഓപ്പറേഷൻ കലനേമി തുടരും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.