ന്യൂഡൽഹി: ജഡ്ജി നിയമനത്തിനായി 2018 മുതൽ വിവിധ ഹൈകോടതി കൊളീജിയങ്ങൾ ശിപാർശ ചെയ്യുകയും സുപ്രീംകോടതി ശരിവെക്കുകയും ചെയ്ത 23 പേരുടെ നിയമനത്തിൽ നടപടിയെടുക്കാതെ കേന്ദ്ര സർക്കാർ. പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ 23 പേരുകളും മടക്കിയെങ്കിലും സുപ്രീംകോടതി ശിപാർശ ആവർത്തിക്കുകയായിരുന്നു. ഏഴു ഹൈകോടതികൾ ശിപാർശ ചെയ്ത ഈ പേരുകൾ 2021 അവസാനിച്ചിട്ടും തീർപ്പുകൽപിക്കാതെ കിടക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. പുനഃപരിശോധന ആവശ്യപ്പെട്ട് സർക്കാർ മടക്കിയ രണ്ടു പേരുകളിൽ രണ്ടു തവണയാണ് സുപ്രീംകോടതി ശിപാർശ ആവർത്തിച്ചത്. കർണാടക, ജമ്മു-കശ്മീർ ഹൈകോടതികളിൽ ജഡ്ജിമാരായി 2019ൽ ശിപാർശ ചെയ്യപ്പെട്ടതാണ് അഭിഭാഷകരായ ഇരുവരെയും.
2021ൽ ആകെ 120 ജഡ്ജിമാരെയാണ് ഹൈകോടതികളിൽ നിയമിക്കപ്പെട്ടത്. 2016ൽ 126 പേരെ നിയമിച്ചിരുന്നു. 25 ഹൈകോടതികളിലായി 1098 ജഡ്ജി തസ്തികയാണുള്ളത്. 2021 ഡിസംബർ ഒന്നുവരെയായി 696 പേരാണ് നിയമിക്കപ്പെട്ടത്. 402ൽ നിയമനമായിട്ടില്ല. എക്സിക്യൂട്ടിവും ജുഡീഷ്യറിയും സംയുക്തമായി നടത്തേണ്ട, തുടർച്ചയുള്ളതും സംയോജിതവുമായ പ്രക്രിയയാണ് ജഡ്ജി നിയമനമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. കേന്ദ്രതലത്തിലും സംസ്ഥാനതലത്തിലുമുള്ള വിവിധ ഭരണഘടന സ്ഥാപനങ്ങളുടെ അംഗീകാരവും ഉപദേശവും ഇതിന് ആവശ്യമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.