25 ?????? ?????? ???????????? ???????????? ??????? ????

"രോഗം മാറിയാലും നാട്ടിൽ പോകാൻ പേടിയാണ്. അത്ര വെറുക്കപ്പെട്ടിരിക്കുന്നു ഞങ്ങൾ..."

മുംബൈ: "രോഗം ഭേദമായി തിരികെ നാട്ടിൽ പോകാൻ ഭയമാണ്. അത്ര വെറുപ്പോടെയാണ് നാട്ടുകാർ ഞങ്ങളെ കാണുന്നത്. ഞാൻ ആഗ്രഹിക് കുകയാണ്, സൗദിയിൽ നിന്ന് വന്നപ്പോൾ ഡൽഹി വിമാനത്താവളത്തിൽ വെച്ച് എ​​െൻറ മാതാപിതാക്കളെ തടഞ്ഞിരുന്നെങ്കിൽ... ക്വാറന്റീനിൽ വിട്ടിരുന്നെങ്കിൽ..." - ആ 31കാരൻ പറയുന്നു. മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ ഇസ്‌ലാംപുരിൽ കോവിഡ് 19 സ്ഥിരീകരിച്ച 22 അംഗ കുടുംബത്തിലെ അംഗമാണയാൾ. ഇസ്‌ലാംപുരിൽ 25 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 22 പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരാണ്. ആദ്യ കേസ് സ്ഥിരീകരിച്ച മാർച്ച് 23 മുതൽ ശ്മശാന മൂകതയാണ് ഈ കൊച്ചു നഗരത്തിൽ. മുംബൈയും പുനെയും കഴിഞ്ഞാൽ മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുളളതും ഇവിടെയാണ്.

ഉംറ കഴിഞ്ഞെത്തിയ 65 കാരൻ ഗൃഹനാഥനും ഭാര്യയുമടക്കം നാലുപേരിൽ നിന്നാണ് ഇവിടെ രോഗം പടരുന്നത്. മാർച്ച് 13നാണ് ഇവർ സൗദിയിൽ നിന്ന് ഡൽഹിയിൽ എത്തുന്നത്. അവിടെ നിന്ന് വിമാനമാർഗം മുംബൈയിലെത്തി. കൊളാബയിലെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ടാക്സിയിലാണ് 340 കിലോമീറ്റർ അകലെയുള്ള ഇസ്‌ലാംപുരിലെത്തുന്നത്. "എന്നിട്ട് ഇവർ വീട്ടുനിരീക്ഷണത്തിൽ ഇരുന്നില്ല. 65കാരൻ രണ്ടു തവണ ബാങ്കിൽ പോയി. ഗാന്ധി ഛൗക്കിലുള്ള അവരുടെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ പോയിരുന്നു. 19നാണ് പനിയും ചുമയും കണ്ട് തുടങ്ങിയത്. ഉപജില്ല ആശുപത്രിയിലാണ് ആദ്യം കാട്ടിയത്. 22ന് മിറാജ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. 23നാണ് മൂക്കിലെ സ്രവത്തിൽ നിന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുന്നത്- താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ. സകേത് പാട്ടീൽ പറഞ്ഞു. 24ന് അഞ്ചു പേർ കൂടിയും 25ന് രണ്ടു പേരും 26ന് കുട്ടിയടക്കം12 പേർ കൂടിയും രോഗബാധിതരായതോടെ നടുക്കത്തിലാണ് ഇസ്ലാംപുർ.

ഈ കുടുംബവുമായി ഇടപഴകിയ 490 ഓളം പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഇവരുടെ വീട്ടുജോലിക്കാരാണ്. അവർ മറ്റ് ഏഴ് വീടുകളിൽ കൂടി ജോലി ചെയ്യുന്നുണ്ട്. ഈ വീട്ടുകാരും നിരീക്ഷണത്തിലാണ് .
തീർത്തും നിരുത്തരവാദമായാണ് 65 കാരനും കുടുംബവും പെരുമാറിയതെന്ന് ശിവസേന കോർപ്പറേറ്റർ ആനന്ദ് റാവു പവാർ പറയുന്നു. "കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രാജ്യത്ത് നിന്ന് വരുമ്പോൾ കാട്ടേണ്ട ഒരു മുൻകരുതലും ഇവർ എടുത്തില്ല. 30 വരെ നിരീക്ഷണത്തിൽ കഴിയണമെന്ന് അവശ്യപ്പെട്ടിട്ടും പാലിച്ചില്ല. എല്ലാവരുമായും അടുത്ത് ഇടപഴകി. ബന്ധുക്കൾക്കെല്ലാം സൗദിയിൽ നിന്നുള്ള ഈന്തപ്പഴം നൽകി. 15ന് 250 പേരെ പങ്കെടുപ്പിച്ച് വിരുന്ന് നടത്തി. നിരവധി പേരുടെ ജീവൻ അപകടത്തിലാക്കിയ ഇവർക്കെതിരെ കേസ് നൽകിയിട്ടുണ്ട് " - ആനന്ദ് റാവു പറഞ്ഞു.

എന്നാൽ, ലക്ഷണങ്ങൾ കണ്ട് ചികിൽസ തേടിയപ്പോൾ കുഴപ്പമൊന്നുമില്ലെന്നാണ് ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് പറഞ്ഞതെന്ന് 65കാരന്റെ മകനായ 31കാരൻ പറയുന്നു. " അതുകൊണ്ട് അത്ര കാര്യമാക്കിയില്ല. അതിന് ഇത്ര വലിയ വില കൊടുക്കേണ്ടി വരുമെന്ന് കരുതിയില്ല. ഇസ്ലാംപുരിൽ ഇത് സംഭവിക്കാൻ പാടില്ലായിരുന്നു"- അയാൾ പറഞ്ഞു.

ഇസ്‌ലാംപുരിലെ വീടിന് മുന്നിൽ ഹോം ക്വാറന്റീൻ സ്റ്റിക്കർ പതിച്ചിരിക്കുന്നു

ഇവരുടെ വീടിന് 700 മീറ്റർ ചുറ്റളവിലുള്ള 1100 വീട്ടുകാർ ഇപ്പോൾ പുറത്തിറങ്ങുന്നേയില്ല. 77 വീട്ടുകാർ ഹോം ക്വാറന്റീനിലാണ്. ഇതു സംബന്ധിച്ച അറിയിപ്പുകൾ ഈ വീടുകളുടെ മുന്നിൽ പതിച്ചിട്ടുണ്ട്. പാൽ, പച്ചക്കറി തുടങ്ങി അവശ്യസാധനങ്ങൾ സന്നദ്ധ പ്രവർത്തകർ എത്തിക്കും. എങ്കിലും അവശ്യസാധനങ്ങളുടെ അപര്യാപ്തതയുണ്ടെന്ന് ഇവർ പരാതിപ്പെടുന്നു. '' വൈറസ് മാത്രമല്ല, പേടിയും അവഗണനയും ഞങ്ങളെ കൊല്ലും. ഇസ്ലാംപുരിൽ നിന്നുള്ളവരോട് കടുത്ത വിവേചനമാണ് മറ്റ് പ്രദേശത്തുള്ളവർ കാട്ടുന്നത് " - ഇവിടെ കച്ചവടക്കാരനായ ഷാജഹാൻ പറയുന്നു. ഇസ്ലാംപുരിന്റെ അതിർത്തിയിൽ അടഞ്ഞുകിടക്കുന്ന വനിത ഹോസ്റ്റലിൽ ആണ് എല്ലാവരെയും ഐസൊലേഷനിൽ പാർപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - 22 in a family on covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.