ഹൈദരാബാദ്: രണ്ടുപതിറ്റാണ്ടുമുമ്പ് കാണാതായ ജീവനക്കാരന്റെ ഭാര്യക്ക് അർഹമായ ആനുകൂല്യങ്ങൾ എല്ലാം അനുവദിക്കാൻ ഉത്തരവിട്ട് തെലങ്കാന ഹൈകോടതി. ജീവനക്കാരന്റെ മക്കളിൽ ഒരാൾക്ക് ആശ്രിത നിയമനം നൽകാനും കോടതി ഉത്തരവിൽ വ്യക്തമാക്കി.
21 വർഷം മുമ്പ് കാണാതായ ബാങ്ക് ജീവനക്കാരനായ ഭർത്താവിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ വിട്ടുനൽകാൻ ഇന്ത്യൻ ബാങ്ക് തയ്യാറാവുന്നില്ലെന്ന് കാണിച്ച് തെലങ്കാന ഖമ്മം സ്വദേശിനി വനപത്‍ല സുഗുണകുമാരിയാണ് കോടതിയെ സമീപിച്ചത്. കാൻസർ ബാധിതയാണ് താനെന്നും ചികിത്സയടക്കം ആവശ്യങ്ങൾ പ്രതിസന്ധിയിലാണെന്നും വനപത്‍ല ഹരജിയിൽ പറഞ്ഞു.
ഇന്ത്യൻ തെളിവ് നിയമപ്രകാരം, ഏഴ് വർഷത്തിലേറെയായി കാണാതായ ഒരാളെ നിയമപരമായി മരിച്ചതായി കണക്കാക്കാമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് നാഗേഷ് ഭീമാപക വ്യക്തമാക്കി. 2004ലാണ് യുവതിയുടെ ഭർത്താവിനെ കാണാതായത്. തുടർന്ന് തിരോധാനം പൊലീസ് സ്ഥിരീകരിച്ചിരുന്നു. 2012 ൽ നിയമപരമായ അവകാശി സർട്ടിഫിക്കറ്റും യുവതിക്ക് ലഭിച്ചു. എന്നിട്ടും ആനുകൂല്യങ്ങൾ നൽകാനോ, മക്കൾക്ക് ആശ്രിത നിയമനം നൽകാനോ ബാങ്ക് വിസമ്മതിക്കുകയായിരുന്നു.
കാൻസർ ബാധിതയായ ഹർജിക്കാരിയുടെ ആരോഗ്യസ്ഥിതിയും ദീർഘകാലമായി കുടുംബം നേരിടുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്ത്, എട്ട് ആഴ്ചക്കുള്ളിൽ എല്ലാ കുടിശ്ശികകളും തീർക്കാനും മക്കളിൽ ഒരാൾക്ക്, അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ ജോലി നൽകാനും കോടതി ബാങ്കിനോട് നിർദേശിച്ചു. ഹരജിക്കാരന്റെ കുടുംബം സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കുന്നതിൽ സൈനിക് വെൽഫെയർ ഡയറക്ടർക്ക് വീഴ്ചയുണ്ടായതായി കോടതി നിരീക്ഷിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ 50,000 രൂപ പിഴ അടക്കണമെന്നും കോടതി വിധിയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.