നീലം, ചിനാബ് നദികളിലെ ഇന്ത്യന്‍ പദ്ധതികള്‍ ലോക ബാങ്ക് തടയണം –പാകിസ്താന്‍

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള സിന്ധു നദീജല കരാര്‍ തര്‍ക്കം ലോക ബാങ്കിനു മുന്നില്‍ എത്തിച്ച്  പാകിസ്താന്‍. നീലം, ചിനാബ്  നദികളിലെ ഇന്ത്യന്‍ പദ്ധതികള്‍ ലോക ബാങ്ക്  ഇടപെട്ട് തടയണമെന്നും  കരാര്‍ വ്യവസ്ഥകള്‍ പാലിക്കപ്പെടണമെന്നുമാണ് പാകിസ്താന്‍െറ ഉന്നതതല സംഘം ലോക ബാങ്ക് പ്രതിനിധികള്‍ക്കു മുന്നില്‍  ഉന്നയിച്ചത്.

നീലം, ചിനാബ്  നദികളില്‍  ഇന്ത്യ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ അനധികൃതമാണെന്നാണ് പാകിസ്താന്‍െറ ആരോപണം. ‘കരാര്‍ വ്യവസ്ഥകള്‍ സമയബന്ധിതമായി പാലിക്കാന്‍ ബാധ്യസ്ഥമാണെന്ന്  ലോകബാങ്ക് വ്യക്തമാക്കിയതായി  പാകിസ്താന്‍ എംബസി വാഷിങ്ടണില്‍ ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അറ്റോണി ജനറല്‍ അഷ്തര്‍ ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള പാക് സംഘം വാഷിങ്ടണിലെ ലോകബാങ്ക് ആസ്ഥാനത്തത്തെിയാണ്  ചര്‍ച്ച നടത്തിയത്.

1960ല്‍ ഉണ്ടാക്കിയ കരാറിലെ ഒമ്പതാം ഖണ്ഡികയിലെ വ്യവസ്ഥയനുസരിച്ച് മാധ്യസ്ഥ്യം വഹിക്കണമെന്ന ആവശ്യവും  പാകിസ്താന്‍ ഉന്നയിച്ചു. തര്‍ക്കത്തില്‍ ഇടപെടണമെന്ന പാകിസ്താന്‍െറ  ആവശ്യം സംബന്ധിച്ച് അടുത്ത ആഴ്ചകളില്‍  തീരുമാനമെടുക്കുമെന്ന് ലോകബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സിന്ധു നദീജലം പങ്കുവെക്കുന്നത് സംബന്ധിച്ച് 1960 സെപ്റ്റംബര്‍ ഒമ്പതിന് കറാച്ചിയില്‍  ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും  പാക്  പ്രസിഡന്‍റ് അയ്യൂബ് ഖാനും ലോകബാങ്കിന്‍െറ മധ്യസ്ഥതയിലാണ് കരാറില്‍ ഒപ്പുവെച്ചത്. കിഴക്കന്‍ നദികളായ രവി, സത്ലജ്, ബിയാസ് എന്നിവക്കു മേല്‍ ഇന്ത്യക്ക് പൂര്‍ണാവകാശം നല്‍കുന്ന കരാര്‍ പടിഞ്ഞാറന്‍ നദികളായ സിന്ധു, ഝലം, ചിനാബ് എന്നിവക്കുമേല്‍ പാകിസ്താനും പൂര്‍ണാവകാശം നല്‍കുന്നു. ഇന്ത്യക്ക് പദ്ധതികള്‍ നിര്‍മിക്കുന്നതിന് വ്യക്തമായ രൂപരേഖയും  കരാറില്‍ ഉണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.