മേവാത്ത് സംഭവം: ആരോപണം ഗോരക്ഷകര്‍ക്കെതിരെ –ന്യൂനപക്ഷ കമീഷന്‍

ന്യൂഡല്‍ഹി: മേവാത്തിലെ ഡിംഗര്‍ഹെഡിയില്‍ മുസ്ലിംവീട്ടില്‍ കയറി ഇരട്ടക്കൊലയും കൂട്ടമാനഭംഗവും കവര്‍ച്ചയും നടത്തിയത് ഗോരക്ഷകര്‍ ആണെന്ന ആരോപണമാണ് നിലനില്‍ക്കുന്നതെന്ന് ദേശീയ ന്യൂനപക്ഷ കമീഷന്‍. കേസ് സി.ബി.ഐ ഏറ്റെടുത്തുവെങ്കിലും ക്രമസമാധാനം നിലനിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് കമീഷന്‍ ശിപാര്‍ശ ചെയ്തു. ബുധനാഴ്ച നടന്ന കമീഷന്‍ യോഗത്തിലാണ് ദേശീയ ന്യൂനപക്ഷ കമീഷന്‍ ചെയര്‍മാന്‍ നസീം അഹ്മദ്, അംഗം ക്യാപ്റ്റന്‍ പ്രവീണ്‍ ദവര്‍ എന്നിവര്‍ ആക്രമണ സ്ഥലം സന്ദര്‍ശിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കമീഷന്‍ റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ക്കും അയച്ചിട്ടുണ്ട്.

ആക്രമണം പ്രദേശത്തെ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും പ്രതികള്‍ ഗോരക്ഷകരാണെന്ന ആരോപണം നിലനില്‍ക്കുന്നതിനാല്‍ മുസ്ലിംകളില്‍ പ്രതിഷേധം നിലനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. അതിനാല്‍, ഇത്തരം ഹീനമായ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ആ സന്ദേശം ജനങ്ങളിലെത്തേണ്ടതുമുണ്ട്. മേവാത്ത് പോലൊരു ജില്ലയില്‍ ഈ കേസില്‍ കൈക്കൊള്ളുന്ന നടപടി പ്രധാനമാണ്. ഗോരക്ഷകരാണ് ആക്രമികളെന്നും ഗോമാംസം കഴിക്കാറുണ്ടോ എന്ന് ചോദിച്ചാണ് കൂട്ടമാനഭംഗം ചെയ്തതെന്നും ഇരകള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും എന്നാല്‍, അത് മജിസ്ട്രേറ്റിന് മുമ്പില്‍ രേഖപ്പെടുത്തിയ മൊഴിയില്‍നിന്ന് ഒഴിവാക്കിയെന്നും പ്രദേശവാസികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

പൊലീസ് കേസ് കൈകാര്യം ചെയ്ത രീതിയും വ്യാപകമായ വിമര്‍ശം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. കേസ് ഇതിനകം ഹരിയാന പൊലീസില്‍നിന്ന് സി.ബി.ഐ ഏറ്റെടുത്തിട്ടുണ്ട്. എന്നാലും ക്രമസമാധാനം സംസ്ഥാന വിഷയം തന്നെയാണെന്നും മേവാത്തില്‍ പൊലീസില്‍ ജനങ്ങള്‍ക്കുള്ള ആത്മവിശ്വാസം തിരിച്ചുപിടിക്കാനും സാമുദായിക സൗഹാര്‍ദം പ്രോത്സാഹിപ്പിക്കാനും ഹരിയാന സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടാകണമെന്നും ന്യൂനപക്ഷ കമീഷന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.