തീവ്രവാദത്തിനു മറുപടി യുദ്ധമല്ല –മാര്‍ ഭരണികുളങ്ങര

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്താനുമായി യുദ്ധം ചെയ്യണമെന്ന മട്ടില്‍ ഉയരുന്ന മുറവിളി ആശങ്കജനകമാണെന്ന് ഡല്‍ഹി-ഫരീദാബാദ് രൂപത ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. രാജ്യം ഇനിയൊരു യുദ്ധത്തെക്കുറിച്ച് ചിന്തിക്കുന്നതുപോലും കരണീയമല്ല. ലോകമാകെ വ്യാപിക്കുന്ന തീവ്രവാദ വിപത്തിനെ വിവേകത്തോടെ നയതന്ത്രപരമായാണ് നേരിടേണ്ടത്. സമാധാനത്തിനും അയല്‍രാജ്യങ്ങളുമായി സൗഹൃദം നിലനില്‍ക്കുന്നതിനും അടുത്തമാസം 16ന് പ്രാര്‍ഥനാ ദിനം ആചരിക്കുമെന്നും സഭയുടെ നിലപാടും യുദ്ധത്തെക്കുറിച്ചുള്ള ആശങ്കയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട്ടും ഗുര്‍ദാസ്പുരിലും ഉറിയിലും ഉണ്ടായ ഭീകരാക്രമണങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ വീഴ്ചകളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഭീകരാക്രമണങ്ങളെ എതിര്‍ക്കുന്നതുപോലത്തെന്നെ യുദ്ധത്തിനായുള്ള മുറവിളികളെയും അപലപിക്കേണ്ടതാണ്.

യുദ്ധത്തിന്‍െറ ദൂരവ്യാപകമായ ഫലങ്ങള്‍ തലമുറകളോളം ബാധിക്കും. ഭീകരതക്ക് പാകിസ്താന്‍ ഒളിഞ്ഞും തെളിഞ്ഞും നല്‍കുന്ന പിന്തുണക്കെതിരെ ആഗോളതലത്തില്‍തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. ഭാവിയില്‍ പാകിസ്താനെ അന്തര്‍ദേശീയമായി ഒറ്റപ്പെടുത്തുന്നതിനെക്കാള്‍ വലിയ ഒരായുധം വേറെയില്ളെന്നും ബിഷപ് ചൂണ്ടിക്കാട്ടി.

മോദി അധികാരത്തില്‍ വന്ന സമയത്തെക്കാള്‍ ക്രൈസ്തവ സഭകളുമായുള്ള സര്‍ക്കാര്‍ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ നല്ല പദ്ധതികളെ പിന്തുണക്കുമെന്നും എന്നാല്‍, ദലിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളെ സഭ ശക്തമായി എതിര്‍ക്കുമെന്നും ആര്‍ച് ബിഷപ് വ്യക്തമാക്കി.   ഫാ. ഡേവിസ് കളിയത്ത്, ഫാ. മാത്യു കിഴക്കേച്ചിറ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.