കോയമ്പത്തൂരിലെ അക്രമം: പൊലീസിന്‍െറ വീഴ്ച വിവാദമാവുന്നു

കോയമ്പത്തൂര്‍: ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ ശശികുമാറിന്‍െറ കൊലപാതകത്തെതുടര്‍ന്നുണ്ടായ അക്രമം തടയാനാവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയത് വിവാദമാകുന്നു. പൊലീസിന്‍െറ നിഷ്ക്രിയത്വത്തിനെതിരെ വിവിധ രാഷ്ട്രീയകക്ഷികള്‍ രംഗത്തത്തെി. കൊല്ലപ്പെട്ട ശശികുമാറിന്‍െറ ഫേസ്ബുക് പോസ്റ്റുകളുമായി ബന്ധപ്പെട്ട് ഭീഷണി നിലനിന്നിരുന്നു. ഇദ്ദേഹത്തിന്‍െറ സുരക്ഷ ഈയിടെയാണ് പിന്‍വലിച്ചത്. ഇതിന് ദിവസങ്ങള്‍ക്കുശേഷമാണ് കൊലപാതകം.

സുരക്ഷ നിലനിര്‍ത്തിയിരുന്നെങ്കില്‍ ശശികുമാര്‍ കൊല്ലപ്പെടില്ലായിരുന്നെന്ന് സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പറഞ്ഞു. ഹിന്ദുമുന്നണി സംസ്ഥാന പ്രസിഡന്‍റ് കാടേശ്വര സുബ്രമണ്യം തമിഴ്നാട്ടില്‍ ‘ഗുജറാത്ത് കലാപം’ ആവര്‍ത്തിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതും പൊലീസ് ഗൗരവത്തിലെടുത്തില്ല. സംഘര്‍ഷസാധ്യത മുന്നില്‍കണ്ട് കൂടുതല്‍ സേനയെ ഇറക്കിയില്ല. നഗരത്തിന്‍െറ ഹൃദയഭാഗത്തിലൂടെ 12 കിലോമീറ്റര്‍ ദൂരത്തില്‍ വിലാപയാത്ര നടത്താന്‍ അനുമതി നല്‍കിയതും വീഴ്ചയായി.
ആരാധനാലയങ്ങള്‍ക്കും മറ്റും സുരക്ഷ ഏര്‍പ്പെടുത്തുന്നതിലും പരാജയപ്പെട്ടു. മുന്‍കരുതലായി സംഘ്പരിവാര്‍ നേതാക്കളെയോ പ്രധാന പ്രവര്‍ത്തകരെയോ കസ്റ്റഡിയിലെടുത്തില്ല. കൊലപാതക കേസില്‍ പ്രാഥമികാന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പ് അക്രമം നടന്നത് അപലപനീയമാണെന്ന് മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്‍റ് എം.എച്ച്. ജവഹറുല്ല പറഞ്ഞു.

ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരുടെ വ്യാപാര സ്ഥാപനങ്ങളും മറ്റും തകര്‍ത്ത സംഘ്പരിവാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അക്രമത്തിന് ആഹ്വാനം ചെയ്ത ഹിന്ദുമുന്നണി തമിഴ്നാട് പ്രസിഡന്‍റ് കാടേശ്വര സുബ്രമണ്യത്തെ അറസ്റ്റ് ചെയ്യണമെന്ന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.