108 പേര്‍ അറസ്റ്റില്‍; കോയമ്പത്തൂര്‍ സമാധാനത്തിലേക്ക്

കോയമ്പത്തൂര്‍: ഹിന്ദുമുന്നണി നേതാവ് ശശികുമാറിന്‍െറ കൊലപാതകത്തെതുടര്‍ന്ന് അശാന്തിയിലായ കോയമ്പത്തൂര്‍ മേഖല സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചുവരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. 1,500ഓളം പൊലീസുകാരെ സുരക്ഷക്ക് നിയോഗിച്ചു. അക്രമപ്രവര്‍ത്തനങ്ങളില്‍ 60ഓളം ബസുകളാണ് തകര്‍ന്നത്. ഇരുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടു. അഞ്ച് ആരാധനാലയങ്ങള്‍ക്കുനേരെ പെട്രോള്‍ ബോംബേറുണ്ടായി. അതിക്രമങ്ങളില്‍ രോഷാകുലരായി വെള്ളിയാഴ്ച രാത്രി കരിമ്പുക്കട, ആത്തുപ്പാലം ഭാഗങ്ങളില്‍ ജനക്കൂട്ടം എല്‍.ആന്‍ഡ്.ടി ടോള്‍ബൂത്ത് തകര്‍ത്തു. കോട്ടമേട്-വിന്‍സന്‍റ് റോഡ് ഭാഗത്തും പ്രതിഷേധമുയര്‍ന്നു.

പൊതുമുതല്‍ നശിപ്പിച്ചതിനും അക്രമ സംഭവങ്ങളിലും 108 പേരെ അറസ്റ്റ് ചെയ്തതായി സിറ്റി പൊലീസ് കമീഷണര്‍ എ. അമല്‍രാജ് അറിയിച്ചു. നവമാധ്യമങ്ങളില്‍ തെറ്റായ പ്രചാരണം നടത്തുന്നവരുടെ പേരില്‍ കര്‍ശന നടപടിയെടുക്കുമെന്നും നൂറിലധികം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
പള്ളികള്‍ക്കുനേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരായ പ്രകാശ്ബാബു (29), രാജശേഖരന്‍ (33), വെങ്കടേശന്‍ (24), സതീഷ്കുമാര്‍ (37), നാച്ചിമുത്തു (28) എന്നിവരെ രത്നപുരി പൊലീസ് അറസ്റ്റ് ചെയ്തു. ശശികുമാര്‍ വധക്കേസിലെ പ്രതികളെ കണ്ടത്തൊന്‍ നടപടികള്‍ ഊര്‍ജിതപ്പെടുത്തി.

പ്രതികള്‍ ബൈക്കുകളില്‍ രക്ഷപ്പെടുന്ന സി.സി.ടി.വി കാമറ ദൃശ്യം ലഭ്യമായിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതല്‍ നഗരത്തിലും സമീപ പ്രദേശങ്ങളിലും ജനജീവിതം സാധാരണ നിലയിലായി. ഓഫിസുകള്‍, ബാങ്കുകള്‍ തുടങ്ങിയവയെല്ലാം പ്രവര്‍ത്തിച്ചു. വന്‍കിട വ്യാപാര സ്ഥാപനങ്ങള്‍ രണ്ടാംദിനവും തുറന്നില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.